Saturday, July 26, 2014

ബലിതർപ്പണം.

അകവും പുറവും ഇരുണ്ട പ്രഭാതത്തിൽ
ചാറ്റൽ മഴയും നനഞ്ഞ്,
ബലിതർപ്പണമിടുമെൻപ്രിയതൻ ചാരെ
ഞാനും  വൃഥാ വന്നുനിന്നു.,

തെളിനീരിൽ മുങ്ങിനിവർന്നു കടവത്ത് 
ഈറനണിഞ്ഞവൾ നിൽക്കെ, 
വിറയുന്നതുണ്ടവളിടനെഞ്ചിനകമൊന്നു
പിടയുന്നതും ഞാനറിഞ്ഞു.,

ഇനിയുമാ അമ്മകൈ ഇറുകെ പിടിച്ചി- 
-ന്നൊരടിദൂരം താണ്ടിടാൻ   മാത്രം,   
ഭാഗ്യമുണ്ടായെങ്കിലെന്നു കൊതിച്ചിടാം 
വ്രണിതമാം മനമൊന്നു  വെറുതെ.,

അരുമയായ് കൊത്തിതിരയുന്നൊരു കാക്ക 
പായസ വറ്റുകൾ ദൂരെ, 
അതുനോക്കി നിൽക്കുമവളുടെ മിഴികളിൽ 
ചുടുനീർകണം പൊടിയുന്നു.,

കരയാതെ, നിൻവഴിത്താരയിൽ പിരിയാതെ   
ഞാനുണ്ട് എന്നുമേ കൂടെ,
ഹൃദയത്തിൻ തന്ത്രികൾ മീട്ടുമാ സ്വരരാഗം 
 അറിയാതെ ഞാൻ മൂളിയല്ലോ.,    

ഒരു കുളിർ തെന്നലായവളുടെ മുഖപത്മ-
-മെൻമാറിലതിലോലമമരവെ, 
അകലെയാകാശത്തിരുണ്ടൊരു കോണിലായ്,   
ചിരിയൊളി കണ്ടു ഞാൻ നിന്നു.. 

*******

Thursday, July 10, 2014

നീയെന്ന വിസ്മയം..





ഓരോരോ പൂവിതൾ തൂവുന്ന സുസ്മിതം..
ചേർത്തുവച്ചുള്ള നിൻ സ്നേഹമാം ഹാരങ്ങൾ
അണിയുന്നതുണ്ട് ഞാനിപ്പൊഴുമെൻ പ്രിയേ.
അറിയുന്നു നിൻ സ്മൃതി അണയില്ലയുൾപൂവിൽ..


മധുമലർ പാലൊളി തഴുകുന്ന പൗർണ്ണമി-
-തിങ്കൾപോലെൻ നീലവിരിമാറിൽ നീ ചായെ..
അറിയുന്നു മമഹൃത്തിലണയാ വിളക്കിലെ
ഒളിമിന്നുമോർമ്മയാം തിരിനാളമാണു നീ.. 


ഇനിയും മുളക്കാത്ത ഈരില കൂമ്പു പോൽ
ഇനിയൊരു ജന്മത്തിലൊരു മരചില്ലയിൽ
തളിരിടാൻ പ്രണയദലമർമരം തീർത്തിടാൻ
കാത്തു വയ്ക്കുന്നു ഞാൻ നീയെന്ന വിസ്മയം ...