നരകമാം ഈ നഗര വീഥിതന്‍ ഓരത്തു
കിളിര്‍ത്തീടുമല്ലോ പുല്‍തളിരിലകള്‍
അനാഥത്ത്വമാം അഗ്നിജാലാ മുഖത്തു-
-നിന്നൂമുതിരും വിഷാദമാം രശ്മികള്‍
ചുടലനൃത്തം ചെയ്തു നിറയുമീ പകലുകള്‍
മാഞ്ഞു മറയുന്ന വര്‍ഷകാലങ്ങളില്‍
കനിവിന്‍റ കാര്‍മുകില്‍ ഉറയുന്നൊരാകാശ
ഹൃദയം വിതുമ്പി തുളുമ്പുന്ന വേളയില്‍
മിഴികളില്‍ നിറയുന്ന കുളിരുമായെവിടെയും
താനെകിളിര്‍ക്കുന്ന ഹരിതക തളിരുകള്‍
സ്വാഗതമരുളീടുമല്ലോ അനേകരോടൊപ്പ-
-മീഞാനുമെന്‍ ദാഹിച്ച ഹൃദയവും
വറ്റി വരണ്ടൊരീ പുഴയിലായി പുകയുന്ന
തീക്കനല്‍ പോലുള്ളോരീ മണല്‍ തരികളും
വാടി കരിഞ്ഞൊരാമ്പലില്‍ അവസാന
ജീവന്‍ തുടിക്കുന്ന വേരുംമടിത്തണ്ടും
ഏവരും സ്വാഗതമരുളുമാ വേളയില്‍
ഇലകള്‍ളൊരു കാറ്റിലൊന്നാടി ചിരിച്ചിടും
വെറുതെയാണീയൊരു പാഴ്ക്കനവെങ്കിലും
നാളെ ഇനി വീണ്ടുമൊരു വേനല്‍ വന്നീടിലും
മനസ്സിലുണങ്ങി വരണ്ടൊരീ മണ്ണിതില്‍
കണ്ണുനീര്‍ ഇറ്റിറ്റു വീണതാം നനവിലായി
പൊട്ടിമുള വന്നിന്നൊരാല്‍മര തളിരില
ഒരു കുഞ്ഞു പൈതലിന്‍ പുഞ്ചിരി പോലുള്ള
ഹരിതാഭ ശോഭ നിറഞ്ഞതാം തളിരില
മതിയാകയില്ല എന്‍ കണ്ണുനീരീച്ചെടി-
-നനച്ചീടുവാനതിന്‍ ദാഹം ശമിക്കുവാന്‍
ആകെ പരിഭ്രമുണ്ടെന്‍റെ മനമതില്‍-
-വാടികരിഞ്ഞുണങ്ങീടുമോ ഈ ചെടി?
*****************