Friday, February 22, 2013
Friday, February 8, 2013
മന്ദാര പൂവ്
മന്ദാര പൂവേ മൊഞ്ചുള്ള പൂവേ
വെണ്‍ മേഘ ഇതളുകള്‍ക്കെന്തു ഭംഗി.
പഞ്ചാര പുഞ്ചിരിക്കെന്തു ചന്തം.,
കവിളിലെ നുണക്കുഴിക്കെന്തു ചേല്,
ആ പ്രഭാവലയത്തില്‍ വട്ടം പറക്കുന്ന,
ശലഭമായി മാനസം മാറി പൂവേ.
മന്ദമായ് മന്ദമായ് ഒഴുകിടുന്ന
കാറ്റിന്റെ സംഗീതം കേള്‍പ്പതില്ലേ.,
താളത്തില്‍ ഈണത്തില്‍ പാട് പൂവേ,
ചാഞ്ചക്കം ആലോലം ആടു പൂവേ,
പാല്‍ നിലാവഴകുള്ളോരോമല്‍ പൂവേ.
നാളെ ഈ ഇതളുകള്‍ കൂമ്പിയേക്കാം.
വാടി കരിഞ്ഞു പൊഴിഞ്ഞു പോകാം.
മായില്ല നിന്‍ മൃദു മന്ദഹാസം.,
മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും,
മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും.
മായില്ല നിന്‍ മൃദു പാല്‍ പുഞ്ചിരി.
മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും,
മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും.
********************
Monday, January 7, 2013
പുലര്‍ക്കാല സ്വപ്നങ്ങള്‍
വെണ്‍ മേഘ പാളികള്‍ക്കിടയിലായ്
തെന്നിവന്നെത്തി നോക്കുന്നിതാ ഉദയ സൂര്യന്‍
രക്തവര്‍ണാവൃത സുസ്മിതം വിടരുന്നു
രാവകന്നീടുന്നു ഭൂവിലാകെ
മാന്തളിര്‍ പൂക്കളില്‍ മിന്നിത്തിളങ്ങുന്ന
മഞ്ഞുനീര്‍ത്തുള്ളികള്‍ മണിമുത്തുകള്‍
തെച്ചിയും മന്ദാര പൂക്കളും തെന്നലില്‍
താളത്തിലാടുന്നു ചെമ്പരത്തി
മന്ദമായ് മന്ദസ്മിതം പൊഴിച്ചീടുന്ന
പൂക്കളാല്‍ മാനസം പൂത്തുലഞ്ഞു
ആഹാ മനോഹരം മായയോ മായികാലോകമൊ
പുലര്‍ക്കാല സ്വപ്നങ്ങളോ
മായല്ലെ മറയല്ലെ മാഞ്ഞുപോയീടല്ലേ
മാനത്ത് കാര്‍മുകില്‍ വന്നിടല്ലേ
മാമരച്ചില്ലകള്‍ കാറ്റിലുലയുന്നു
പൂമരം പൂക്കള്‍ പൊഴിച്ചിടുന്നു
കാതുകള്‍ക്കിമ്പമായ് താളത്തിലീണത്തില്‍
കുയിലുകള്‍ മധുരമായ് പാടിടുന്നു
വാദ്യഘോഷങ്ങള്‍ പോല്‍ അവിടെയുമിവിടയും
പലതരം കിളികള്‍ ചിലച്ചിടുന്നു
കൊക്കുരുമ്മി ചിറകൊതുക്കി ഒരു കൊച്ചു
തത്തയൊരു കൊമ്പിലായ് വന്നിരിപ്പൂ
മോഹങ്ങളുണ്ടതിന്‍ ഹൃദയത്തിലാ
കൊച്ചു പച്ചനിറത്തിലെ ചിറകിനുള്ളില്‍
സ്വപ്നങ്ങളാം പട്ടുനൂലതില്‍ മിന്നുന്ന
മുത്തുകള്‍ കോര്‍ത്തൊരു മാലയാക്കി
ദൂരെയേതോ ഒരു കൂട്ടിലായ് അമ്മയും
അച്ഛനും കണ്‍ പാര്‍ത്തിരിപ്പതുണ്ടേ
അച്ഛന്റെ പുന്നാര മോളാണ് അമ്മക്ക്
കണ്ണാണ് കരളാണ് ഹൃദയമാണ്
മോഹങ്ങള്‍ മുത്താക്കി മാറ്റുവാന്‍ ഓമന
മകളുടെ ഭാവിയെ ഭദ്രമാക്കാന്‍
കണ്ണുനീരുപ്പു പുരട്ടിയ ഭക്ഷണം
അരവയര്‍ പട്ടിണി എന്നുമെന്നും
അറിയാതെയെങ്കിലും അമ്പെടുത്തുന്നം
പിടിക്കല്ലേ വേടനായ് മാറിടല്ലേ
അരുതെന്ന് സ്വയമറിഞ്ഞുയരുവാന്‍ അറിവിന്റെ
കിരണങ്ങള്‍ കൈകളാല്‍ ഏറ്റുവാങ്ങാന്‍
വിടരട്ടെ ഒരു പൊന്‍ പുലരിയീ മാനവ
ഹൃദയത്തിനുള്ളിലും നറുവെട്ടമായ്
**********
മാമരച്ചില്ലകള്‍ കാറ്റിലുലയുന്നു
പൂമരം പൂക്കള്‍ പൊഴിച്ചിടുന്നു
അരവയര്‍ പട്ടിണി എന്നുമെന്നും
**********
Saturday, December 29, 2012
ആത്മശാന്തിക്കായ് ഒരു ചോദ്യം.
ചവിട്ടിയരക്കപ്പെട്ട ഒരു പെണ്‍ഹൃദയം.
പേടിച്ചു വിരണ്ട് ചിറകടിച്ചു പറന്നുപോയ ഒരു ആത്മാവ്
ഇരതേടി അലയുന്ന പുലികളും സിംഹങ്ങളും
ചോര ഇറ്റിറ്റു വീഴുന്ന കൂര്‍ത്ത മുനയുള്ള കഴുകന്‍ കൊക്കുകള്‍
നിബിഡാന്ധകാരം നിറഞ്ഞ ഘോര വനത്തില്‍
മേഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ട പേടമാനുകള്‍ തല ചുറ്റിലും തിരിച്ച് ആരെയാണ് തിരയുന്നത്
ആ മാംസ കൊതിയന്മാരെയോ അതോ
അവളുടെ ആത്മാവ് ഒരുനോക്കു കാണുവാന്‍ കൊതിച്ച മനസാക്ഷിയെയോ?
***********
Saturday, December 8, 2012
വെളുത്താട്ട് ഭഗവതി
വെളുത്താട്ട് ഭഗവതി ശരണമമ്മേ ദേവി
തൃപ്പാദകമലങ്ങള്‍ കൈതൊഴുന്നേന്‍
ഇരുളല കരിനിഴല്‍ തീര്‍ക്കും തൃസന്ധ്യയില്‍
നിലവിളക്കില്‍ തിരി നാളങ്ങള്‍ തെളിയുന്ന
തിരുനടയിലെത്തുവാന്‍ ഹൃദയം തുടിക്കുന്നു
കലികാല ദോഷങ്ങള്‍ നീങ്ങിടേണം അമ്മേ-
- കരുണയൊരു വെട്ടമായ് മാറിടേണം
ഉള്ളം നിലാവുപോല്‍ ശോഭിക്കണം
നാവിലെന്നുമാ നാമങ്ങള്‍ വന്നിടേണം
പഞ്ചവാദ്യത്തിന്റെ താളപെരുമഴ
ശംഖനാദം കുടമണിയൊച്ചയില്‍
അമ്മതന്‍ തിരുനാമ ഘോഷങ്ങള്‍ കേട്ടിന്നു
ദീപാരാധന തൊഴുവാന്‍ കനിയണം
മനസ്സ് നിറച്ചുമനുഗ്രഹം ചൊരിയണം
**************
വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രത്തെ
കുറിച്ചുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.
**************
http://www.veluthattamma.org/about.html
Friday, November 30, 2012
ഹരിതക തളിരുകള്‍
നരകമാം ഈ നഗര വീഥിതന്‍ ഓരത്തു
കിളിര്‍ത്തീടുമല്ലോ പുല്‍തളിരിലകള്‍
അനാഥത്ത്വമാം അഗ്നിജാലാ മുഖത്തു-
-നിന്നൂമുതിരും വിഷാദമാം രശ്മികള്‍
ചുടലനൃത്തം ചെയ്തു നിറയുമീ പകലുകള്‍
മാഞ്ഞു മറയുന്ന വര്‍ഷകാലങ്ങളില്‍
കനിവിന്‍റ കാര്‍മുകില്‍ ഉറയുന്നൊരാകാശ
ഹൃദയം വിതുമ്പി തുളുമ്പുന്ന വേളയില്‍
മിഴികളില്‍ നിറയുന്ന കുളിരുമായെവിടെയും
താനെകിളിര്‍ക്കുന്ന ഹരിതക തളിരുകള്‍
സ്വാഗതമരുളീടുമല്ലോ അനേകരോടൊപ്പ-
-മീഞാനുമെന്‍ ദാഹിച്ച ഹൃദയവും
വറ്റി വരണ്ടൊരീ പുഴയിലായി പുകയുന്ന
തീക്കനല്‍ പോലുള്ളോരീ മണല്‍ തരികളും
വാടി കരിഞ്ഞൊരാമ്പലില്‍ അവസാന
ജീവന്‍ തുടിക്കുന്ന വേരുംമടിത്തണ്ടും
ഏവരും സ്വാഗതമരുളുമാ വേളയില്‍
ഇലകള്‍ളൊരു കാറ്റിലൊന്നാടി ചിരിച്ചിടും
വെറുതെയാണീയൊരു പാഴ്ക്കനവെങ്കിലും
നാളെ ഇനി വീണ്ടുമൊരു വേനല്‍ വന്നീടിലും
മനസ്സിലുണങ്ങി വരണ്ടൊരീ മണ്ണിതില്‍
കണ്ണുനീര്‍ ഇറ്റിറ്റു വീണതാം നനവിലായി
പൊട്ടിമുള വന്നിന്നൊരാല്‍മര തളിരില
ഒരു കുഞ്ഞു പൈതലിന്‍ പുഞ്ചിരി പോലുള്ള
ഹരിതാഭ ശോഭ നിറഞ്ഞതാം തളിരില
മതിയാകയില്ല എന്‍ കണ്ണുനീരീച്ചെടി-
-നനച്ചീടുവാനതിന്‍ ദാഹം ശമിക്കുവാന്‍
ആകെ പരിഭ്രമുണ്ടെന്‍റെ മനമതില്‍-
-വാടികരിഞ്ഞുണങ്ങീടുമോ ഈ ചെടി?
*****************
Monday, November 12, 2012
നറുതിരിവെട്ടം
കണ്ണുകളിരുട്ടാല്‍ മറഞ്ഞൊരാ സ്നേഹിത-
-നെന്നുമെന്‍ കണ്ണുകള്‍ നനയിക്കുമെങ്കിലും
കണ്ടില്ല കാണിച്ചതില്ലവനാരണ്ടു
കണ്ണുകളീറനണിഞ്ഞതൊരിക്കലും
എന്തൊരളവറ്റശാന്തിയാഹൃദയത്തിലെ-
-ന്തൊരാനന്തമാനിറപുഞ്ചിരിക്കെ-
-ന്തൊരാവേശമാഹ്ലാദമാമൊഴികളെ-
ന്തൊരാശ്വാസ മധുരമാസാമിപ്യം
കണ്ണു തുറന്നു പിടിച്ചാലുമടച്ചാലും
കണ്‍മുന്നിലെവിടെയുമിരുളലകള്‍മാത്ര-
-മെന്നാലതെന്തൊരു ദുരിതമെന്നൊരുവേള
ചിന്തിച്ചഞാനെത്ര വിഡ്ഢിയെന്നോര്‍ത്തുപോയ്
ഹൃദയത്തിലായിരം ആശകള്‍തീര്‍ക്കുമീ
കാഴ്ച്ചകളൊക്കെയും കണ്ടുമടുത്തിന്നതെ-
-ല്ലാമുറഞ്ഞൊരു നൊമ്പരമാകുമ്പോള്‍
കണ്ണടച്ചീടുന്നു ഞാനുമൊരുവേളയെന്‍
ഉള്ളിലായ് അണയാതെ എന്നും തെളിയുമാ
നറുതിരിവെട്ടമൊന്നൊരുനോക്ക് കാണുവാന്‍
******************
Subscribe to:
Posts (Atom)





