Wednesday, September 26, 2012

ചിത്രശലഭം


                                 ഇന്നെന്റെ വീടിന്റെ ഉമ്മറത്തൊടിയിലെ

                                 മന്ദാര  മൊട്ടുകള്‍ ഇതളണിഞ്ഞു

                                 തെച്ചിയും ചെമ്പക ചില്ലയും മുല്ലയും

                                 പിച്ചക ച്ചെടികളും പൂത്തുലഞ്ഞു

                                 ഇനിയുമിതെന്തിത്ര താമസം ശലഭമേ

                                 ചിറകടിച്ചിതിലേ പറന്നുവരാന്‍

                                 ഇവിടെ ഈ ഞാനുമീ ചെടികളും പുക്കളും

                                 നിന്നെയും കാത്തങ്ങിരിക്കയല്ലോ

                                 ദുരെയാ പച്ചില ചില്ലകള്‍ക്കിടയിലൂ -

                                 -ടൂര്‍ന്നിടും ഇളവെയില്‍ രശ്മികളെ

                                 കണ്ടുവോ പലനിറം ചാലിച്ചൊരഴകുമായ്

                                 ഒഴുകുന്നൊരാ ചിത്രശലഭത്തിനെ

                                 മെല്ലെ എന്‍ കവിളിലൂടുരസിടും തെന്നലേ

                                 തേടുമോ നീ എന്റെ സ്നേഹിതനെ

                                 മിഴികളില്‍ ആനന്ദ  മധുരം നിറച്ചങ്ങു

                                 തേന്‍നുണഞ്ഞൊഴുകുന്ന സൗന്ദര്യമേ

                                 കണ്ടു കൊതി തീര്‍ന്നതിന്‍ മുമ്പേ മറഞ്ഞ-

                                 -നിന്‍ ആയുസ്സിതെന്തിത്ര   തുച്ഛമായി

                                 കണ്ണൊന്നു തെറ്റിയ നേരത്ത് വായുവില്‍

                                 തെന്നി മാഞ്ഞെങ്ങോ മറഞ്ഞു പോയീ

                                 ഇന്നുമെന്‍ മിഴികളില്‍ നനവു പടര്‍ത്തി നീ

                                 ദൂരത്തിലെങ്ങോ മറഞ്ഞിരിപ്പൂ

                                 ഇന്നുമീ തൊടിയിലെ പൂവിലും ഇലയിലും

                                 നിന്നെയും കാത്തെന്റെ മനസ്സിരിപ്പൂ ....

                                  നിന്നെയും കാത്തെന്റെ മനസ്സിരിപ്പൂ....

                                                            ********************



Friday, September 21, 2012

പറയാതെ.. അറിയാതെ..


                                പുലരി വെണ്‍ കതിരുമായ്  വന്നിടുമ്പോള്‍
                                ഇതള് വിടര്‍ത്തുന്ന പൊന്നാമ്പലേ
                                ഇള വെയിലേറ്റൊന്നു നീരാടിടും
                                നേരത്ത് നീ എത്ര സുന്ദരിയായ്
                                മോഹമുണര്‍ത്തുന്ന  മോഹിനിയായ്
                                ഒരുകൊച്ച് കാറ്റിന്റെ കയ്യിലേന്തി
                                ചിന്നി ചിതറി നിന്‍ ചിരിയുതിര്‍ക്കെ
                                ഏതോ നിഗൂഢമാം ഒരു സ്വകാര്യം
                                പറയാതെ പറയാതെ വിങ്ങി വിങ്ങി
                               ഹൃദയത്തിനുള്ളില്‍ ഒതുക്കിടുന്നു
                               പറയുവാന്‍ ആവില്ല ആ രഹസ്യം
                               പറയാതെ നീയൊന്നറിഞ്ഞിടുമോ
                               പതിയെ പതംവച്ചരികില്‍ വന്നെന്‍
                               കൈകളില്‍ മുറുകെ പിടിച്ചിടുമോ
                              കണ്ണുനീര്‍ ഒഴുകിയ പാടുകള്‍ മായ്ച്ചെന്റെ-
                             -കവിളിലൊരു തരിവെട്ടമായിടുമോ...
                              കവിളിലൊരു തരിവെട്ടമായിടുമോ...

                                                                **********






Thursday, September 6, 2012

കോലം കെട്ടല്‍

കുങ്കുമ വര്‍ണം വിതറിയ മാനം
നിന്‍  മൃദു   മധുര മനോഹര ഹാസം
എന്തിനു വെറുതെ മാച്ചുകളഞ്ഞീ-
-ചുണ്ടില്‍ നിറയെ ചായം പൂശി
ചെമ്പക മൊട്ടിന്‍ ഗന്ധമൊടഴകായി-
-തുളസി കതിരിന്‍ വ്രതശുദ്ധിയുമായ്
എള്ളിന്‍ കരിനിറമൊത്തൊരു കേശം
വാടി വരണ്ടൊരു വൈക്കോലായി
പൊന്നിന്‍ പാദസരലയ മേളം
തരിവളയിളകും കള കള ശബ്ദം
നിന്‍ കളമൊഴിതന്‍ മധുരിത നാദം
എല്ലാം എന്തെ പോയി മറഞ്ഞു
പൊന്‍കതിരണിയും നെല്‍ച്ചെടി പോലെ
സുന്ദര കോമള കാന്തിത ദേഹം
മഞ്ഞ കരതന്‍ ചേലയണിഞ്ഞൊരു
മഞ്ഞ കുറിതന്‍ ശോഭയുമായി
ചന്തം നിറനിറയൊഴുകും രൂപം
കണ്ണില്‍ വന്നു പതിഞ്ഞൊരു നേരം
വൃന്ദാവനമായി തീരും ഹൃദയം
കൈകള്‍ വിറക്കും നെഞ്ചു പിടക്കും
ഒരു  മൃദു വാക്ക്  മൊഴിഞ്ഞീടാനായ്
തൊണ്ടവരണ്ടീ മനസ് പിടക്കും
കാമം തെല്ലിട തീണ്ടാതുള്ളോരു
സ്നേഹം നിറയും  പ്രേമമതൊഴുകും
കാലം മാറി കോലം മാറി
ഇറുകിയ വസ്ത്ര മണിഞ്ഞൊരു ദേഹ-
-ത്തടിവടിവൊക്കെ നിറഞ്ഞു കിടപ്പൂ
കാണാനെന്തൊരു ലജ്ജയിതളവില്‍
കാണിച്ചിടുവാന്‍ നാണമതില്ലേ
ദേവതയായി വിളങ്ങിയ നിന്‍ തിരു
രൂപമിതെന്തേ കോലം കെട്ടു
 പുലികള്‍ ഇറങ്ങി നടപ്പു ചുറ്റും
കഴുകന്‍ കൊക്കുകള്‍ ഉന്നമളപ്പൂ
കൊത്തി വലിക്കും പിച്ചി ചീന്തും
രക്ഷിച്ചിടണേ ശിവ ശിവ ശംഭോ.
              *********


















Saturday, September 1, 2012

വിടവാങ്ങലുകള്‍


കടലിലേക്ക്‌ നോക്കാം 

ഓരോരോ തിരമാലയും ഓരോരോ ജീവിതങ്ങള്‍ 

ചിലവ ശാന്തമായവ ചിലവ ആര്‍ത്ത് ഇരമ്പുന്നവ 

അവസാനം തീരത്ത് അടിയേണ്ടവ 

പിന്‍വാങ്ങാന്‍ വിധിക്കപെടുന്നവ

വേറെ ഒരുവഴിയുമില്ല 

 പക്ഷെ

അവ വന്നു തഴുകിയ പാദങ്ങള്‍ കുളിരണിഞ്ഞിരിക്കാം.

അവയെ കണ്ടുരസിച്ച കണ്ണുകളില്‍ ശാന്തി നിറഞ്ഞിരിക്കാം

അവയുടെ ഇമ്പമുള്ള ഇരമ്പല്‍ പലരും കാതോര്‍ത്തിരിന്നിരിക്കാം. 

എങ്കിലും ഒരു നിമിഷനേരത്തിനപ്പുറം

ഒന്നൊന്നായ്‌ പിന്‍വാങ്ങുന്നുവല്ലോ

ഇനിയും ഒരു തിരിച്ചുവരവില്ലാതെ

പിന്നോട്ട്  പിന്നോട്ട് 

അനന്തമായ നീലിമയുടെ ആഴങ്ങളിലേക്ക് 

ഒരുവേള തിരിഞ്ഞോന്നു നോക്കി വിട പറയുവാന്‍പോലും ആകാതെ. 


Thursday, August 30, 2012

മതഭ്രാന്ത്‌

മതമൊരു മധുരമാണെങ്കിലും

തെല്ലോന്നതികമായെന്നാല്‍  അതും വിഷമായിടും

തീപ്പൊരിയായിടും  തീനാളമായിടും

ഭുമിതന്‍ പൂങ്കാവനം ചാമ്പലായിടും

സൂക്ഷിച്ചുകൊള്ളണം  മര്‍ത്യമനസ്സെന്ന

കരിമരുന്നതിലൊരു  തീപ്പൊരിവീഴാതെ

വിശ്വാസസംഹിതകള്‍ ഏറെയുണ്ടിവിടെ ഈ

വിശ്വത്തിലെവിടെയും താങ്ങുപോല്‍ തണലുപോല്‍

വിശ്വസിച്ചീടുന്നതപരാധമല്ല

ഈ വിശ്വാസം അതിനൊരു മറ കൊടുത്തീടണം

മൂടിവച്ചീടണം അന്യരതു കാണാതെ

ജനനേന്ത്രിയങ്ങളെ മുടിവയ്ക്കും പോലെ

അന്യന്റെ വിശ്വാസം എത്തി നോക്കീടുവാന്‍

അവകാശമില്ലില്ല ഏതൊരു മര്‍ത്യനും

രഹസ്യമതൊക്കെയും നോക്കി രസിക്കുന്ന-

-തപരാതമല്ലെയോ  വൃത്തികേടല്ലയോ

സത്യത്തിലേക്കങ്ങു നീണ്ടു കിടക്കുന്ന

വഴിമാത്രമായിയീ മതമതു കാണണം

സത്യത്തിലേക്കുള്ള വഴികള്‍ പലതുണ്ട്

വൈരുധ്യമുണ്ടവ തമ്മില്‍ പരസ്‌പരം

പല പല നദികളങ്ങോഴുകിവന്നവസാനം

അലതല്ലുമാ കടലലയോടു ചേരുന്നു

ഒഴുകിവന്നീടുന്ന മണ്ണിന്റെ മാറിലായ്

ഹരിതകം വിരിയിച്ച്  കതിരുകള്‍ വിളയിച്ച്

സര്‍വ്വചരാചര  ദാഹം ശമിപ്പിച്ച്

ശാന്തമായി ശാന്തമായി ഒഴുകിവന്നവസാനം

അസ്ത്തിത്വമെല്ലാം വെടിഞ്ഞു പരസ്പ്പരം

ഇഴചേര്‍ന്ന്  തെരുതെരെ തിരമാല തീര്‍ക്കുവാന്‍

സ്നേഹത്തിന്‍ നിറനിലാവലിയുന്ന പാല്‍കടല്‍

നിറയുവാന്‍ ഒരുതുള്ളി ജലകണമാകുവാന്‍

ഒഴുകണം   നമ്മള്‍തന്‍  നദിയിലൂടങ്ങതിന്‍

ഉറവ തേടേണ്ട നാം സമയം കളയേണ്ട.

               *************












Saturday, August 25, 2012

ഓണ പാട്ട്












ഓണമായി തിരുവോണമായി പൊന്‍-
-ഓണമെന്‍ മുറ്റത്ത് വന്നു നിൽപ്പൂ 
മാവേലി മന്നന്‍റെ മങ്ങിയോരോര്‍മകള്‍
മാനസം തന്നില്‍ മായാതെ  നില്പ്പു
അത്തം പിറന്നതിന്നപ്പുറം പത്തുനാള്‍
ഏവര്‍ക്കും ഉത്സവമായിരുന്നു
ജാതികളില്ലാ മതങ്ങളില്ലാ
മലയാളിത്ത ബോധം നിറഞ്ഞിടുമ്പോള്‍
മാമലകള്‍തന്‍  തണലത്തൊരു  കൊച്ചു
മലയാള നാടിന്‍റെ മണ്ണിലാകെ
സ്നേഹവര്‍ണത്തിന്‍  ഇതളുകള്‍ നീട്ടി
ലാളിത്യമധുരമാം തേന്‍ നിറച്ച്
ഇളവെയില്‍കൊണ്ടതിന്‍ ശോഭയില്‍
താളത്തില്‍ ഇളകുന്ന പൂക്കള്‍ നിറഞ്ഞിരുന്നു
പാടം നിറഞ്ഞങ്ങുലയുന്ന നെല്‍ക്കതിര്‍
കാണുവാന്‍ ഐശ്വര്യമായിരുന്നു
ഒരുമിച്ചു കൈകോര്‍ത്തു തൊടിയിലും വഴിയിലും
പൂക്കള്‍ പറിച്ചു നടന്ന കാലം
ഓണപുടവ ഉടുത്തുകൊണ്ടേ പല
ഓണകളികള്‍ കളിച്ചുകൊണ്ടേ
ഏവരും ഒത്തിരുന്നുണ്ണുന്ന സദ്യയില്‍
നിറയുമീ  നമ്മുടെ വയറിനൊപ്പം 
ഹൃദയത്തില്‍ നന്മകള്‍ സ്നേഹവികാരങ്ങള്‍
ഏവരും ഒന്നെന്ന പൊന്‍ചിന്തകള്‍
കാലമിതേറെ കടന്നുപോയ് എന്‍കൊച്ചു 
മലയാള നാടിതും മാറിയല്ലോ
കാക്കപൂവില്ലാ മുക്കൂറ്റിയില്ലാ 
തുമ്പ പൂവിന്‍റെ വുമില്ലാ
ഇന്നെന്‍റെ വീടിന്‍റെ ഉമ്മത്തായൊരു  
പൂക്കളം തീര്‍ക്കുവാന്‍ പൂക്കളില്ലാ
തുമ്പി തുള്ളീടുന്ന നാരിയില്ലാ 
ഊഞ്ഞാല്   കെട്ടിയ  മരവുമില്ലാ
പണ്ടുള്ളതെല്ലാം  പഴംതുണിയായ് 
പച്ച പരിഷ്കാരമായി എങ്ങും
ഡാടിമമ്മീ എന്ന് മൊഴിയണം നാവിലി-
ന്നമ്മക്കും അച്ചനും വിലയിടിഞ്ഞു
ബൈക്കിലിരുന്നൊന്നു  ചെത്തീടണം  ഇന്ന്
സൈക്കിളുരുട്ടുവാന്‍ ലജ്ജയല്ലോ
ജീന്‍സണിഞ്ഞീടുവാന്‍ ഗമയുണ്ട്‌ ചൂടത്ത്
മുണ്ടുടുത്തീടുവാന്‍  നാണമല്ലോ 
മലയാളമൊന്നു പറഞ്ഞാല്‍ അപരാധം
ഇംഗ്ലീഷു മാത്രം മോഴിഞ്ഞിടേണം
അമ്പത്തൊന്നക്ഷരം തത്തി കളിക്കുന്ന
നാവുകള്‍ എല്ലാം പിഴുതെറിഞ്ഞ്‌
ഇംഗ്ലിഷ് ഭാഷയെ പോറ്റിവളര്‍ത്തുവാന്‍ 
മലയാള ഭാഷയെ കൊന്നീടണം 
അമ്മതന്‍ അമ്മിഞ്ഞ നുകരുന്ന മധുരസം
വേറൊരു പാലിന്നുമില്ല  തെല്ലും
മുത്തശ്ശിതന്‍ കഥ കേട്ട് രസിക്കുവാന്‍
നേരവുമില്ലാ മനസുമില്ലാ 
സാരോപദേശത്തിന്‍ വിഷയങ്ങളൊന്നുമീ
എന്‍ഡ്രൻസ്ക്കോച്ചിങ്ങിനില്ല  പോലും 
പിന്നെന്തിനാണീ കിളവിതന്‍ പാഴ്മൊഴി
കേട്ടിന്നു സമയം കളഞ്ഞീടണം
കംബ്യുട്ടര്‍ ഗയ്‌മ്  കളിച്ചീടണം
മൊബൈല്‍ ഫോണിലും കുത്തി കളിച്ചീടണം
യന്ത്ര മനുഷ്യനായി വളരുന്നൊരീ ഇളം
ഹൃദയങ്ങളിലിന്നു പൊള്ള മാത്രം
ചിന്തകളില്ലാ കഴിവുമില്ലാ ഇന്ന്
ചിന്തിക്കുവാനൊട്ടു  നേരമില്ലാ
സ്നേഹമതില്ലാ കാരുണ്യമില്ലാ
മനുഷ വികാരങ്ങളൊന്നുമില്ലാ
ഈവിതം കാലുഷമായൊരീ നാടിന്നു
ഈവിതം മാറി മറിഞ്ഞു പോയി
മദ്യപശാലകള്‍ പെരുകുന്നു എവിടെയും
മദ്യപന്‍മാരുടെ കൂട്ടം മാത്രം
സര്‍ക്കാരിതിന്നതിന്‍ ജനാവ്‌ കാക്കുവാന്‍
മദ്യമതുതന്നെ വിറ്റീടണം
പ്രജകള്‍ തുലയട്ടെ പട്ടിണിയാവട്ടെ
ഭാര്യമാര്‍ തെറിയില്‍ കുളിച്ചിടട്ടെ
കൃഷിയിടം മുടിയട്ടെ കാടുനശിക്കട്ടെ
പുഴയും കുളങ്ങളും വറ്റിടട്ടേ
ഭരണത്തിലേറീട്ടു കയ്യിട്ടു വാരുവാന്‍
വിഷജലം വിറ്റുള്ള കാശുമതി
റ്റവരുടയവര്‍ എന്നതൊന്നും ഇല്ല 
ക്ലൂരത എങ്ങും മറഞ്ഞിരിപ്പൂ 
പത്രം നിവര്‍ത്തിയാല്‍ കൂട്ടകൊലകളും
മാനഭംഗങ്ങളും എത്ര എത്ര
ആര്‍ത്തു വിളിക്കുന്ന ആ‍ര്‍ത്തനാദങ്ങളും 
നിണമൊലിച്ചുയരുന്ന   ആയുധവും
എങ്കിലും ആ മഴ മേഘങ്ങള്‍ കനിയാഞ്ഞ
കര്‍കിടകം പോയ് മറഞ്ഞനേരം
ഇന്നിതാ ചിങ്ങമായി അത്തവും വന്നുപോയ്‌ 
എല്ലാം മറന്നിടാം മാലോകരെ
പഴമകള്‍ തുലയട്ടെ പുതുമയില്ലുള്ളതാം
നന്‍മകള്‍ മാത്രം തിരഞ്ഞെടുക്കാം 

അത്തം പിറന്നതിന്നപ്പുറം പത്തുനാള്‍
ഓണം പിറക്കുന്ന നാളുവരെ
ജാതീമറന്നിടാം  മതവും മറന്നിടാം 
രാഷ്ട്രീയമെല്ലാം അകറ്റിവയ്ക്കാം
ഗ്രഹോപകരണത്തിന്‍  ശാലകളും
വസ്ത്ര ശാലകളും  മറ്റു ശാലകളും 
 വര്‍ണവിളക്കുകള്‍ മിന്നിതെളിഞ്ഞങ്ങ-
-ലങ്കാരമോടെ തിളങ്ങിനില്പ്പു
മഞ്ഞയും ചോപ്പും പലനിറത്തിലുള്ള
പൂക്കളിന്നെങ്ങുമീ തെരുവിലെല്ലാം
കൊയംബത്തൂരീന്നു വണ്ടികേറീവന്നു 
പൂക്കളം തീര്‍ക്കുവാന്‍ കാത്തിരിപ്പൂ

ട്ടെലിവിഷ പെട്ടി നിറയെ തെരുതെരെ
പുതു പുതു പുത്തന്‍ പടങ്ങളുണ്ട്
താരങ്ങള്‍തന്‍ വിശേഷങ്ങളുണ്ട് പിന്നെ
അംഗനമാരുടെ കൊഞ്ജലുണ്ട്  
ഇടതടവില്ലാതെ പെരുമഴയായി പെയ്യും 
പരസ്യ മഴയുടെ കുളിരുമുണ്ട്  
പച്ചകറികളില്‍  വിഷഗന്ധമെങ്കിലും
നല്ലൊരു സദ്യ ഒരുക്കീടണം
പച്ചടി കിച്ചടി സാമ്പാറ് അവിയല്
പലതരം കറികള്‍ വരുത്തിക്കണം
പ്ലാസ്റ്റിക്കുകൊണ്ടുള്ള   തൂശനിലയിലായി 
പാലട പ്രഥമന്‍ വിളംബീടണം
ത്രിക്കാക്കരപ്പനെ ചന്തയില്‍ പോയിട്ട്
കാശ് കൊടുത്തൊന്നു വാങ്ങീടണം
ആദിയും ദുഖവും എല്ലാം അകന്നുപോയ്
ആശ്വാസമാകട്ടെ ഓണനാള്
പാതി നികന്നൊരു  പാടവരമ്പിലെ   
പാതി കരിഞ്ഞോരു  പാഴ്ചെടിയില്‍
ബാക്കിയിരിക്കുന്ന പച്ചപ്പില്‍ അങ്ങിങ്ങ്
മൊട്ടിട്ട പൂവിന്‍റെ ശോഭപോലെ
ഹൃദയത്തില്‍ എവിടെയോ മങ്ങിയിരിക്കുന്ന
ഓര്‍മ്മകള്‍ എല്ലാം പുറത്തെടുക്കാം
മാവേലി മന്നവന്‍ വന്നണഞ്ഞീടുമ്പോള്‍
മാലോകരെല്ലാരും ഒന്നു പോലെ
കള്ളവും ചതിയും അകറ്റിയെക്കാം 
ഇന്ന് ആമോധപൂര്‍വ്വം വസിച്ചു നോക്കാം 
ഉച്ചത്തില്‍ ഉച്ചത്തില്‍ ഉയരട്ടെ എവിടെയും 
ആര്‍പ്പു വിളികളാനന്തമോടെ
ആര്‍പോ....  ഈറോ... ഈറോ...
ആര്‍പോ...  ഈറോ... ഈറോ...

               *******

ലോകത്ത് എവിടെയും ഉള്ള ഓണം ആഘോഷിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഈ എളിയവന്‍റെ ഹൃദയം നിറഞ്ഞ ആയിരം ആയിരം ഓണാശംസകള്‍.
എല്ലാവര്‍ക്കും നന്‍മയും സന്തോഷവും ആയുസും ആര്യോഗ്യവും സമ്പത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.   

Picture from rekspoursout.wordpress.com.



Saturday, August 18, 2012

ഞാന്‍


എന്നിലെ എന്നെ ഞാന്‍ കാണുന്നു

എന്റെ  കണ്‍ പീലികള്‍ മൂടുമീ നേരം

എന്നിലെ ചൈതന്യം അറിയുന്നു ഞാന്‍

ഹൃദയ താളം നിലച്ചൊരീ  നേരം

ദേഹിയും ദേഹവും രണ്ടെന്നറിഞ്ഞെന്റെ 

ചിത കത്തി എരിയുമീ നേരം

ദേഹം അതഞ്ചായി വികടിച്ചു പോയ് 

ഇന്ന് ദേഹിയായി ഞാന്‍ നിലനില്പൂ

ദേഹങ്ങള്‍ പലതും ധരിച്ചുപേക്ഷിച്ചു 

 ഞാന്‍ദേഹിയായി ഇന്നും ഇരിപ്പു

എല്ലാമറിഞ്ഞമരുമകിലാണ്ട നാഥന്‍

ഒരു വേഷം ഇനിയും ഒരുക്കും

അതുമണിഞ്ഞെന്‍ഭാഗം ആടി കളിക്കുവാന്‍

ഞാന്‍ എന്ന സത്യം മുഴുകും

ഞാന്‍ എന്നെ അറിയാതെ എന്തിലോ മുഴുകി

ഒരു ദേഹിയായി എന്നും ഇരിക്കും.

ഒരു ദേഹിയായി എന്നും ഇരിക്കും.