Friday, February 22, 2013

അമ്മ ഈ മനസ്സിലെ നന്മ.അമ്മ, ഈ ഉണ്ണിതന്‍ മനസ്സിലെ നന്മ

മൂര്‍ദ്ധാവിലായ് വന്നു പതിയുന്ന ചുംബന-

-ചൂടുള്ള സ്നേഹത്തിന്‍ മഹിമ.


സ്നേഹവാത്സല്യം അലിയിച്ച വാക്കുകള്‍

നിറയുന്നു ഉണ്ണിതന്‍ കര്‍ണനാളങ്ങളില്‍.


അമ്പലത്തില്‍ പോയി വരികയെന്‍ ഉണ്ണി നീ,

ദേവിയെ കണ്‍ നിറയെ കണ്ടു തൊഴുതുവാ,

വന്നിട്ട് ചൂടുള്ള ദോശ നല്‍കാം അമ്മ,

എന്റെ പോന്നുണ്ണീടെ വയറുനിറച്ചിടാം.


ഉണ്ണിക്കിതെല്ലാം മധുരം അമ്മയുടെ

പുഞ്ചിരി പാലൊളി വിതറുന്ന നോട്ടവും

മധുരസം ഊറി ഒഴുകുന്ന മൊഴികളും

ഉണ്ണിക്കിതെല്ലാം മധുരം.


ഉണ്ണി കാലടിവച്ചടിവച്ചടിവച്ച്,

അമ്പല ഗോപുര വാതിലില്‍ എത്തവെ,

ഗോപുര മതിലിനരികിലിരിക്കുമൊ-

-രമ്മതന്‍ ദീനാനുകമ്പ കെഞ്ചും മുഖം-

-കണ്ടൊട്ടുനേരം അതുനോക്കിനിന്നുപോയ്‌


നന്മയാം നറുനിലാവാം തരി വെളിച്ചമായ്,

സ്നേഹവാത്സല്ല്യം തുളുമ്പുന്ന ഭാവങ്ങള്‍,

ഏതോ വിഷാദം പരത്തിയ നിഴലിലായ്,

മിന്നി മിന്നി പടരുന്നുവോ മെല്ലെ.


ഇരുളിന്റെ മേഘശകലങ്ങള്‍ മായിച്ച,

മുഴുതിങ്കള്‍ പാല്‍ നിലാവിന്‍ നറുവെട്ടം,

ഒരു നിമിഷ നേരമതൊന്നിതാ തെളിയുന്നു,

മറയുന്നു തെളിയുന്നു പിന്നെയും മായുന്നു.


നരകേറി ജടവന്നൊരീ മുടിയിഴകളും

കവിളിലെ ചുളിവുമീ ശോഷിച്ച കൈകളും

വാര്‍ദ്ധക്യമോ അതോ തീരാ വിഷാദമോ

തെല്ലൊട്ടുനേരം അതുനോക്കി നിന്നുപോയ്.


എന്തേ ഉണ്ണി ഇങ്ങനെ നോക്കുവാന്‍?

അമ്മയുടെ വയറു വിശന്നു പൊരിയുന്നു,

എന്തുണ്ട് കൈയ്യില്‍ അമ്മക്ക് നല്‍കുവാന്‍,

തരികനീ വല്ലതും തന്നിട്ട് പോകണേ.


ഉണ്ണിയെന്നുള്ളൊരാ വിളികേട്ടുള്‍പുളകത്താല്‍

ഉണ്ണിതന്‍ കണ്‍കള്‍ തുടിച്ചുപോയ്.


ഉണ്ണി തന്‍ കൈകള്‍ പരതി കീശയില്‍.

വാടിയ മുഖമൊന്നു താഴ്ത്തി പറഞ്ഞുണ്ണി.

ഇല്ലമ്മേ കൈയിലൊന്നുമേ നല്‍കിടാന്‍,

നാണയ തുട്ടുകളുണ്ടത് തരികില്ലാ

ദേവിതന്‍ കാണിക്ക, അമ്മ പിണങ്ങിടും.


തൊഴുതു മടങ്ങിടും നേരത്ത്

വീട്ടിലേക്കമ്മയെയും കൊണ്ടു പോയിടാം,

വയറു നിറച്ചുമാഹാരം നല്‍കിടാം,

അമ്മയുടെ വിശപ്പെല്ലാം അകറ്റിടാം.


വേണ്ടുണ്ണീ ഒന്നുമേ വേണ്ടുണ്ണീ,

നാളെയും വരികനീ ദേവിയെ തൊഴുകനീ,

അമ്മയോടൊരുവാക്ക് മിണ്ടിയാല്‍ അതുമതി,

അമ്മക്ക് വയറു നിറയുവാന്‍.


പോയ്‌ വരാം വീട്ടില്‍ പോയിയെന്‍

അമ്മയെയും കൂട്ടി മടിയാതെ എത്തിടാം.

ആഹാരം ഞാന്‍ കൊണ്ടുവന്നിടാം,

ഒങ്ങുമേ പോകാതെ ഇവിടെ ഇരിക്കണേ.


ദേവിയെ തൊഴുതു മടങ്ങി വീട്ടി-

-ലമ്മയോടീവിതം കാര്യമുണര്‍ത്തവെ,

സ്നേഹ വാത്സല്യം അലിയിച്ച വാക്കുകള്‍

നിറയുന്നു ഉണ്ണിതന്‍ കര്‍ണനാളങ്ങളില്‍.


പ്രാന്തോ നിനക്ക് ! കൈ കഴുകിവരികുണ്ണി,

ചൂടുള്ള ദോശ വിളമ്പി ഞാന്‍ ഊട്ടിക്കാം,

നേരംപോയ്‌ സ്കൂള്‍ബസ് വരുവാന്‍ നേരമായ്.


ദോശ ചവച്ചിറക്കുവാന്‍ ആവാതെ,

ചിന്തയിലാണ്ടങ്ങിരിക്കുമീ ഉണ്ണിതന്‍

കണ്‍കളില്‍ നിറയുന്നു കണ്ണുനീര്‍ തുള്ളികള്‍.


ഉണ്ണിക്കിതേഉള്ളു ആ അമ്മക്ക് നല്‍കുവാന്‍

കണ്ണുനീരിന്‍ ഈ കൊച്ചു മണിമുത്തുകള്‍,

ഉണ്ണിതന്‍ കൈകളില്‍ വീണു തിളങ്ങുമീ

കണ്ണു നീര്‍ത്തുള്ളിയാലാ വിശപ്പകലുമൊ?


അയ്യോ ! ഉണ്ണീ ! കരയാതെ പൊന്നേ,

മധുരിത ശബ്ദമീ കാതില്‍ പതിയവേ

സാരിതലപ്പിനാല്‍ കണ്‍കള്‍ തുടക്കവേ

കണ്ണുനീര്‍ തുള്ളികള്‍ ഉണ്ണിതന്‍ നാവിലായ്‌

നൊമ്പരത്തിന്‍ ഉപ്പു രസമായി നിറയവേ

മൂര്‍ദ്ധാവിലായ് വന്നു പതിയുന്ന സ്നേഹമാം

ചുംബനതിന്‍ ഇളം ചൂട് പടരവേ

ഉണ്ണിക്കിതെല്ലാം മധുരം അമ്മയുടെ

പുഞ്ചിരി പാലൊളി വിതറുന്ന നോട്ടവും

മധുരസം ഊറി ഒഴുകുന്ന മൊഴികളും

ഉണ്ണിക്കിതെല്ലാം മധുരം.

*******

Friday, February 8, 2013

മന്ദാര പൂവ്

മന്ദാര പൂവേ മൊഞ്ചുള്ള പൂവേ
വെണ്‍ മേഘ ഇതളുകള്‍ക്കെന്തു ഭംഗി. 
പഞ്ചാര പുഞ്ചിരിക്കെന്തു ചന്തം.,
കവിളിലെ നുണക്കുഴിക്കെന്തു ചേല്,
ആ പ്രഭാവലയത്തില്‍ വട്ടം പറക്കുന്ന,
ശലഭമായി മാനസം മാറി പൂവേ.

മന്ദമായ് മന്ദമായ് ഒഴുകിടുന്ന 
കാറ്റിന്റെ സംഗീതം കേള്‍പ്പതില്ലേ., 
താളത്തില്‍ ഈണത്തില്‍ പാട് പൂവേ, 
ചാഞ്ചക്കം ആലോലം ആടു പൂവേ, 
പാല്‍ നിലാവഴകുള്ളോരോമല്‍ പൂവേ.

നാളെ ഈ ഇതളുകള്‍ കൂമ്പിയേക്കാം.
വാടി കരിഞ്ഞു പൊഴിഞ്ഞു പോകാം. 
മായില്ല നിന്‍ മൃദു മന്ദഹാസം.,
മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും,
മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും. 

മായില്ല നിന്‍ മൃദു പാല്‍ പുഞ്ചിരി. 
മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും, 
മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും. 

********************