Saturday, April 23, 2016

സാംസ്കാരിക സമ്മേളനം കഴിഞ്ഞുള്ള കലാവിരുന്നും അവസാനിക്കാറാകുപോഴാണ് എത്തിയത്.  ഇപ്പോഴെങ്കിലും എത്തിയത് നന്നായി ഈ മധുര സംഗീതം കേൾക്കാൻ കഴിഞ്ഞല്ലോ. എല്ലാവരും പാട്ടിൽ ലയിച്ചിരിക്കുന്നു.  അവരെല്ലാം ഇപ്പോൾ എന്നേ പോലെ ഭാവനയിൽ ഓടുകയാകും നായകനോ നായികയോ ആയി കൈകൾ പിടിച്ച് കടൽ തീരത്തിലൂടെ ... പൂന്തോട്ടത്തിലൂടെ.... റബർ ത്തോട്ടത്തിലൂടെ... . ഓടി ഓടി തളരുന്നില്ല കിതക്കുന്നില്ല. പാട്ട് കഴിഞ്ഞു. അടുത്തത് കവിത ചൊല്ലൽ അതോടെ പരിപാടി അവസാനിക്കുന്നു എന്ന് അറിയിപ്പും വന്നു.

 കവി എത്തി കവിതയേയും കവിയേയും പരിചയപെടുത്തി പിന്നെ ചൊല്ലിതുടങ്ങി.
വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്

"ഓരോ ദിനവും പോയി മറയുന്നു..
ഓരോ നിമിഷവും മാഞ്ഞ് പോകുന്നു".

 കൊള്ളാം..
ഇതിപ്പോ ആർക്കാ അറിയാത്തത്. അറിയുന്നത് കൊണ്ടാണല്ലോ ഇപ്പോഴത്തെ  ഈ നിമിഷങ്ങൾ ആസ്വദിക്കാൻ ഇവരൊക്കെ ഇവിടെ എത്തിയത്.  പോയി മറയുന്ന നിമിഷങ്ങളുടെ വിലയറിയുന്ന ഏവരും എന്തിന് ഈ നിമിഷങ്ങളെ ഇത്ര അരോചകമാക്കുന്നു എന്ന് കരുതി പെട്ടെന്ന്  സ്ഥലം കാലിയാക്കി.

             ******

Saturday, December 5, 2015


കണ്ണുകളിലെ നനുത്ത പുഞ്ചിരികൾ ..
ആവേശത്തിരമാലകൾ
അസ്തമയ സൂര്യന്റെ
ശോണവർണ്ണത്തിൽ പൊതിഞ്ഞ
മന്ദഹാസം ..


വിറ്റഴിയാത്ത ബലൂണുകളും
പാറി പറക്കുന്ന പട്ടങ്ങളും
തൂക്കിപിടിച്ച്..
തളർന്ന കാലുകളൂന്നി..
വിഷാദമുറ്റുന്ന കണ്ണുകൾ 
ആകാശത്തിലേക്കൂന്നി..
ഇനി എന്ത്.. എന്ന ഉത്തരം തേടുന്ന
ഒരു പാവം ചെറുപ്പക്കാരൻ..


മറഞ്ഞു പോയ സൂര്യൻ..
അരിച്ചിറങ്ങുന്ന ഇരുട്ട്..
പിരിഞ്ഞു പോകുന്നവരുടെ
പതിഞ്ഞ കാലൊച്ചകൾ..


************Friday, August 14, 2015പറഞ്ഞതില്ലൊരു വേള പോലും ഞാൻ
മമ ഹൃത്തിൽ പനിനീർ ദളങ്ങൾ പോൽ
സൂക്ഷിച്ച പ്രണയത്തെ..

അനുരാഗ സുരഭില മാനസം
നിൻമനം അറിയുന്നതുണ്ടെന്നു
മിഥ്യാ ധരിച്ചു ഞാൻ.

അകലുന്നുവോ മേലെ നീല വിഹായുസ്സിൽ
മാഞ്ഞു പോകുന്നൊരു പൗർണ്ണമി  പോലെ നീ.

അവിരാമം അലകൾപോൽ അകതളിർ പൊതിയുന്നു
 അഗ്നിപോൾ എരിയുന്നു പ്രണയാർദ്രമൊരു നോവ്

ഇന്നിതു വൈകിയ  വേളയാണെങ്കിലും
ഒന്നു ഞാൻ നിൻ കരം കവരട്ടെ എൻ പ്രിയേ..

പറയാതെ മനസ്സിലൊളിപ്പിച്ചതൊക്കെയും
ഒന്നു ഞാൻ നിൻകാതിൽ മോഴിയട്ടെയെൻ  പ്രിയേ..  
Wednesday, May 6, 2015

ആട്ടിൻകുട്ടി

സുന്ദരനായ ഒരു ആട്ടിൻകുട്ടി.
അവൻ ഒരു ബലിമൃഗമായിരുന്നു
ഞാൻ ഒരു കാഴ്ച്ചക്കാരനും.
ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് അവന്റെ അവസാന നിമിഷങ്ങൾ
അടുത്തുകൊണ്ടിരിക്കുമ്പോൾ ആണ്.
ഒരു പ്ലാവില ഞാൻ അവനുനേരെ നീട്ടി
അവനത് ഞൊടിയിടയിൽ കടിച്ചെടുത്തു
പിന്നെയും ഇലക്കായി കൗതുകത്തോടെ  എന്നെ നോക്കി..
വീണ്ടും വീണ്ടും  പ്ലാവിലകൾ അവൻ കടിച്ചെടുത്തു.
ആ ശിരസ്സിലും കവിളിലും വെറുതെ തലോടി..
അവന്റെ മനസ്സ് ശാന്തവും സ്നേഹാർദ്രവുമായിരുന്നു..
പക്ഷെ
ഞാൻ തിരിഞ്ഞു നടന്നതിനപ്പുറം
അവന്റെയും എന്റെയും ഹൃദയം പൊട്ടിതകർന്നു പോയി..
ചുടുചോരയിൽ സമ്പ്രീതനായ ഹൃദയമില്ലാത്ത ദൈവം  എല്ലാവരെയും രക്ഷിക്കട്ടെ.
----------


Monday, April 6, 2015

പെയ്യാത്ത മഴ

എവിടെയോ വിരുന്നുവന്നൊരു മഴയുടെ തണുപ്പുമായി
ഇന്നൊരു ഇളം തെന്നൽ എന്നെ കൊതിപ്പിച്ചു പോയ്‌..
കരിഞ്ഞ ചെണ്ടുമല്ലിപൂക്കൾ തൊട്ട് തലോടി നിന്ന്
എത്രയോ ശലഭകൂട്ടങ്ങൾ കൊതിച്ച് പറന്നു പോകുന്നു..

നാളെ ഇവിടെയും പെയ്യട്ടെ.... :)

ശുഭരാത്രി..Sunday, April 5, 2015

നിന്റെ കണ്ണുകൾ

ഇനിയും ഏറെ നേരം ഇമവെട്ടാതെ  പരസ്പ്പരം നോക്കിയിരിക്കണം..
കടലാഴത്തിലിറങ്ങിവന്ന്  എനിക്കെന്റെ ആത്മാവിനെ പകുത്തുനൽകണം ..
തുളുമ്പുവാൻ വെമ്പി നിൽക്കുന്ന മിഴിനീർ മുത്തുകൾ കവർന്നെടുക്കണം ..
നിന്റെ കണ്ണുകൾക്ക്  നീലാകാശത്തിലെ തെളിമ മതി..
നിന്റെ കണ്ണുകളിൽ നിലാവിന്റെ തിരയിളക്കം മതി..

                              ******
Saturday, April 4, 2015

എന്റെ ചിത്രം.

മന്ദസ്മിതംതൂകുന്ന എന്റെയൊരു മനോഹര ചിത്രം വരച്ചിട്ടുണ്ടെന്ന് നീ പറഞ്ഞപ്പോൾ ഞാൻ കളിയാക്കി. ഇരുണ്ട മേഘങ്ങൾക്കിടയിൽ ആഴ്ന്നുപോയൊരു  ചന്ദക്കലയുടെ വെട്ടം നീയെന്റെ ചുണ്ടിൽ അണയാതെ കാത്തുവച്ചത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു....

ശുഭരാത്രി !