Wednesday, May 7, 2014

കാത്തിരിപ്പ്..


മകനെയും കാത്തുകാത്തമ്മ, 
ഉണ്ണാതുറങ്ങാതിരിപ്പൂ, 
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?

ഈ പതിവുള്ളതല്ല്ലല്ലോ
അവനാപത്തിലെങ്ങാനും പെട്ടോ
ഇരുള് പടർന്നേറെ വൈകി
നീയിനിയും വരാത്തതെന്തുണ്ണീ?

തെല്ലൊന്ന് പാതി മയങ്ങും, 
ഞെട്ടിയുണർന്നെത്തി നോക്കും, 
കാതോർത്ത്   ദൂരേക്ക് നോക്കും, 
ഇടനെഞ്ച് പിന്നെയും പിടയും.,

ചങ്ങാതിമാരൊത്ത്  രസമായ്‌, 
നുരയുന്ന മദ്യം നുകരേ,  
ഒർത്തില്ല അവനൊരുനിമിഷം, 
തന്നെ ഒർത്തുരുകും അമ്മമനസ്സ്.,

 ലഹരിതൻ ഉന്മാദ ഭാവം,
ആധിവ്യാധികൾക്കുള്ള കവാടം,
അറിവില്ലകത്ത് ചെന്നെന്നാൽ,
അറിവുള്ളൊരു വിദ്വാനു പോലും.,

രാവിൽ  ഇരുളിൻ മറവിൽ, 
തെരുവോരത്തിലായെവിടേയോ, 
ചോര പുരണ്ടൊരാ ദേഹം, 
പ്രജ്ഞയില്ലാതെ കിടപ്പൂ.,

ലഹരിയിൽ ഉൻമത്തനായി, 
ഇരുചക്ര വണ്ടിയിൽ കയറി, 
പരലോകത്ത് യാത്ര പോകുന്നു, 
മക്കളകലേക്ക് മാഞ്ഞു പോകുന്നു., 

അറിയുന്നതില്ലവരൊന്നും,  
കാത്തിരിക്കുന്നു വീട്ടിലൊരമ്മ, 
നെഞ്ചിലുറയുന്ന വേദന തിന്ന്, 
ഉണ്ണാതുറങ്ങാതെ എന്നും.,

ആറ്റുനോറ്റുണ്ടായതല്ലേ,
അമ്മക്ക് പൊൻവിളക്കല്ലേ,  
അമ്മതൻ സ്വപ്നങ്ങളല്ലേ,
മടിയാതെ വരിക നീ ഉണ്ണീ.,

മകനെയും കാത്തുകാത്തമ്മ, 
ഉണ്ണാതുറങ്ങാതിരിപ്പൂ,
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?

*******

Monday, April 21, 2014

മധുരഗാനം



ഏതോ കുയിൽ പാടുന്നുണ്ടെവിടെയോ,
ഏകനായ്  മാമര ചില്ലയിലെവിടെയോ,
ഇന്നലേയുമിന്നും  കേട്ടു   ഞാനിനി-
- നാളെയും  കാതോർത്തിടാം മധുരഗാനം.,  


 രാവും പകലും മാറുന്നതറിയുന്നുവോ നീ ?
രാവിന്റെ മാറിൽ  തല ചായ്ച്ചുറങ്ങിയോ ?
ഇന്നത്തെ അന്നം തേടി പിടിച്ചുവോ ?
ഒരു മറുപാട്ടിനായ്  കാതൊർക്കുന്നുവോ വൃഥാ ?


ശോകിച്ചിടുന്നു നീയും ഞാനുമെന്തിനോ,
 ശോകമൂകമാകരുതെങ്കിലും   ഹൃദയരാഗം.,
ശോകമെലലാം ഉൾത്തടത്തിലായൊതുങ്ങിടുമ്പോൾ
ബഹീർഗമിക്കുന്നുവോ ഉയരെനിൻ മധുരഗാനം ?.


ഏതോ കുയിൽ പാടുന്നുണ്ടെവിടെയോ
ഏകനായ്  മാമര ചില്ലയിലെവിടെയോ
ഇന്നലേയുമിന്നും  കേട്ടു   ഞാനിനി-
- നാളെയും  കാതോർത്തിടാം മധുരഗാനം. 

***********




  

Friday, October 11, 2013

പൂവ്



ഇരുളു  തുരന്നു വരുന്നേ  പൂവ് 
ഇരുളിനകത്ത്   മറഞ്ഞേ പൂവ് 
ഇരുളും വെട്ടവുമിടചേർന്നങ്ങനെ 
ഇരുകര താണ്ടി നടപ്പൂ ഞാനും. 

*******

കഥയില്ലാതെ എന്ന ബ്ലോഗിലെ പുതിയ പോസ്റ്റിലേക്കുള്ള ലിങ്ക് 

Wednesday, October 2, 2013

കൊതുക്



അന്തമില്ലാ രാത്രിയിലിലെൻ 
ചിന്താശൂന്യ മണ്ഡലങ്ങളിൽ 
ഒന്നുരണ്ടല്ലായിരങ്ങൾ 
കുന്തമുനയായ് ഓടിയെത്തും 
ചോരയൂറ്റി എടുത്ത് പിന്നെ
മൂളിയങ്ങ് പറന്നുപോകും
രണ്ടു നാളല്ലേറെനാളായി
വന്നു കൂടിയ ദ്രോഹമല്ലോ 
ഉള്ളിലുള്ളൊരു തുള്ളി അലിവാൽ 
വേണ്ട വേണ്ടായെന്ന് വയ്ക്കേ 
ഇല്ല ഇനി ഒരു രക്ഷ എന്നാൽ 
നിദ്രവിട്ടൊരു സിംഹമായ് ഞാൻ 
ഇന്ന് തന്നെ ഉയർത്തെണീക്കും 
ഇന്ന്‌ രാവിലുറക്കമില്ലാ 
യുദ്ധമല്ലോ ഘോര യുദ്ധം 
ഒന്നുമൊന്നും ബാക്കിയില്ലാ- 
-തൊന്നൊന്നായ്‌ ചതഞ്ഞരയും 
എട്ട് ദിക്കും കാണുമാറെൻ 
വിജയകൊടിയീ വാനിലുയരും

*******
ഞാൻ എന്നത് ഈ ലോകമാണ്. എന്റെ ചിന്താ ശൂന്യമായ പ്രദേശങ്ങളിൽ  ഒരുപാടുണ്ട് ഇതുപോലെ പതിയിരുന്നു   ദ്രോഹം ചെയ്യുന്ന  കൊതുകുകളെപോലെഉള്ള ദുർഭൂതങ്ങൾ...സമാധാനം തരാതെ...

Tuesday, September 17, 2013

തുമ്പക്കുടം


മാബലിതമ്പുരാൻ വന്നുവല്ലോ 
പൊൻ തിരുവോണവും വന്നുവല്ലോ
ചെത്തി മിനുക്കിയ മതിലരികിൽ
കൊച്ചിളം തുമ്പക്കുടം ചിരിപ്പൂ
കണ്ടില്ല  കൈക്കോട്ടിൻ തുമ്പിതിനെ 
ഭൂമി മാതാവൊളിപ്പിച്ചു വച്ചു
കാണാതെ മാറോടു ചേർത്തുവച്ചു
താരാട്ട് പാടി മാമൂട്ടി വച്ചു.
പൊന്നോണ പൊൻവെയിൽ കാഞ്ഞുകൊണ്ട്
കൊച്ചരി പല്ല് പുറത്ത് കാട്ടി
പഞ്ചാര പുഞ്ചിരി തൂകിടുന്നു  
അമ്മതൻ കരളിൽ കളിചിടുന്നു
ഈ കൊച്ചു ചെടിതൻ കവിളിലല്ലോ
പോന്നോണ തുമ്പി വന്നുമ്മവയ്പ്പൂ 
ഈ കൊച്ചു ചെടിതൻ തലപ്പിലല്ലോ
ഭൂമി മാതാവിന്നൊരോണമുള്ളു
ഈ നിഷ്കളങ്കയാം പുൽ ചെടിയായി
ഞാനു മൊരു വേള മാറിയെങ്കിൽ
ആരാരും കാണാതെൻ അമ്മയുടെ
മാറത്ത് തലചായ്ച്ചുറങ്ങിയെങ്കിൽ.
*********


Monday, September 9, 2013

മനസ്സിലെ ഓണം.






എന്തെല്ലാം ഏതെല്ലാം  മാറിയാലും, 
മനസ്സിലെ മലയാളം മായുകില്ല., 
ഒരു നല്ലൊരോണ പൂക്കളമൊരുക്കാന്‍,  
ഒരു പിടി തുമ്പപൂ  ചോറൊരുക്കാന്‍, 
തൈമാവിന്‍ കൊമ്പിലൂഞ്ഞാല് കെട്ടാന്‍,
കൈകൊട്ടി പാടുവാന്‍ കുരവയിടാന്‍,  
മനസ്സിനകത്തൊരു ഓണമുണ്ട്., 
ഓർമ്മകൾ ചാലിച്ചൊരോണമുണ്ട്., 
ആ നല്ല തറവാടിൻ തിരുമുറ്റത്ത്, 
പോന്നോണ തുമ്പിയായ് ഞാനിരിപ്പൂ, 
കണ്ണിമ പൂട്ടി ഞാൻ കാത്തിരിപ്പൂ, 
പോരുക പോരുക മാവേലിയെ,
പോരുക പോരുക മാവേലിയെ.
ആർപ്പോ..ഈറോ..ഈറോ...ഈറോ..
ആർപ്പോ..ഈറോ..ഈറോ...ഈറോ..
******


Wednesday, August 21, 2013

ഓർമ്മകൾ


ഒരു പനിനീർ പൂവിതളിൽ
പതിയുമീറൻ തുള്ളി പോലെ
ചിതറിയെൻ അകതാരിൽ മെല്ലെ
കുളിരു ചൊരിയുമൊരോർമ പോലെ

കരിമിഴിയിണ പറയുമോരോ
പരിഭവ തേൻ മധുര മൊഴികൾ
മൃദുലമാം ചെഞ്ചുണ്ടിലരുണിമ
വിടരുമാ സായന്തനങ്ങൾ

മഴ നനഞ്ഞു കുതിർന്ന മണ്ണിൽ
ഇളവെയിൽ പടരുന്നു മെല്ലെ
തരളമെൻ ഹൃദയം തുടിപ്പൂ
തഴുകി അണയുമൊരോർമ പോലെ

മനസ്സ് കടലായ്മാറി ഇളകി
സ്മൃതി തിരപോൽ ബാക്കിയായി
ദൂരെ മാഞ്ഞു മറഞ്ഞു പോയീ
സ്നേഹമായ പ്രഭാമയൂഖം.

**********