Friday, September 5, 2014

തെരുവ് കോമാളി.


തെരുവിലെ വ്യാപാര ശാലക്ക് മുന്നിലെ
കോമാളി ഞാനൊരു കുടവയറൻ 
പാതാള ദേശത്തു വാഴുന്ന എന്നെയും   
കോമാളിയാക്കിയീ വ്യാപാരികൾ
തെരുതെരെ തിരപോലെ അലറിമറിയുന്ന
തെരുവോരമെല്ലാം  മിഴിയുഴിഞ്ഞ്
വെയിൽകൊണ്ട്  നാവു വരണ്ടുപോയ്‌
മെല്ലെ ഞാൻ കുടവയർ തൊട്ട്തടവിനിൽപ്പൂ
കള്ളവും ചതിയും പൊളിവചനങ്ങളും
ഉള്ളൊരു മേടക്ക് കാവൽ നിൽപ്പൂ
തെല്ലിട നേരം കഴിഞ്ഞിതാ ശാന്തമാം  
തെന്നലെൻ അരികത്തൊഴുകിവന്നു 
  വെള്ള നിറമുള്ള കാറിൽനിന്നങ്ങനെ
മൂന്നുപേർ മെല്ലെ ഇറങ്ങി വന്നു
ഭാര്യയും ഭർത്താവൂമാണവർ പിന്നൊരു 
കുട്ടികുറുമ്പിയും കൂട്ടിനുണ്ടേ
കൊച്ചരിപല്ല് പുറത്തുകാട്ടി ചിരി -
-ച്ചച്ചന്റെ കൈപിടിച്ചെന്നെ നോക്കും
കുട്ടികുരുന്നിനോടായി ഞാൻ ചോദിച്ചു
അറിയുമോ എന്നെ നീ കൊച്ചു പെണ്ണെ..?
പണ്ടെങ്ങോ മാമല നാടു ഭരിച്ചൊരു
അസുരനാം രാജൻ മഹാബലി ഞാൻ
അസുരനാണെങ്കിലും പാവം വിദൂഷകൻ
മീശയിതൊന്നിലും കാര്യമില്ല 
പറയുനീ എന്തുണ്ട് ഓണവിശേഷങ്ങൾ
അഴകുള്ള പൊന്നോണ തുമ്പി പെണ്ണെ
എവിടന്നു വന്നു നീ എവിടേക്കു പോണു നീ 
അവിടെല്ലാം പൊന്നോണ പൂ വിരിഞ്ഞോ.?
കാക്കപൂ തുമ്പപൂ ചെത്തിപൂ മഞ്ഞയും-
- ചോപ്പും കലർന്നുള്ള കൊങ്ങിണി പൂ.
കൂട്ടുകാരൊത്തു  നീ ചേമ്പില കുമ്പിളിൽ
നിറയുവോളം പോയി പൂ ഇറുത്തോ..?
പൊൻകതിർ ചാഞ്ചക്കം ആടി മറിയുന്ന 
വയലേല കാണ്ടുവോ കൊച്ചു പെണ്ണെ
കോടി ഉടുത്തുവോ തൈമാവിൻ കൊമ്പിലെ  
ഊഞ്ഞാലിലാടി തിമിർത്തുവോ നീ 
തുമ്പി തുള്ളുന്നത് കണ്ടുവോ പൈതലേ
തുമ്പപൂ ചോറിനാൽ സദ്യ ഉണ്ടോ..?
  ഉച്ചക്ക് ഒന്നു മയങ്ങിയ  നേരത്ത് 
മുത്തശി നല്ലൊരു കഥ പറഞ്ഞോ 
മുറ്റത്തെ പൂക്കളം സ്വപ്നത്തിൽ കണ്ടുവോ   
പാടെ മറന്നങ്ങുറങ്ങിയോ നീ   
സമയമുണ്ടാകുമോ വന്നിടാനെൻ  കൊച്ചു   
 വീട്ടിലേക്കൊന്നു ഞാൻ കൊണ്ടുപോകാം  
അവിടെയുമുണ്ടല്ലോ കുട്ടികുരുന്നൊന്ന് 
കായവറുത്തതും കാത്തിരിപ്പൂ  
അവളുടെ ഓണനിറവിനായാണു ഞാൻ 
കോമാളി വേഷം അണിഞ്ഞു നിൽപ്പൂ 
അവളുടെ പൂങ്കവിൾ വിടരുവാനാണു ഞാൻ 
പൊരിവെയിൽ കൊണ്ട് വിയർത്തുനിൽപ്പൂ 
നേന്ത്രവാഴകുല കൂമ്പിലെ പൂവിന്റെ 
മധുരിമ പോലെന്റെ കൊച്ചു മോള്  
പോരുമോ  അവളോട്‌ കൂട്ടൊന്ന്  കൂടുമോ 
പറയാത്തതെന്തു നീ കൊച്ചു പെണ്ണെ.?
സ്മാർട്ട്ഫോണിൻ ക്യാമറ കണ്ണെന്റെ
നേരേക്ക്  വിറയാതെ ഒന്നുമിന്നിച്ചു കൊണ്ട്
തളതളം താളത്തിൽ തുള്ളി കളിച്ചവൾ
അച്ഛന്റെ കൈപിടിച്ചടിവച്ചു പോയ്‌ 
അപ്പൂപ്പനോടൊന്നും മിണ്ടാതെ പറയാതെ
കൊച്ചു മിടുക്കി നീ പോകയാണോ..?

അപ്പൂപ്പനോടൊന്നും മിണ്ടാതെ പറയാതെ
കൊച്ചു മിടുക്കി നീ പോകയാണോ..?

************



32 comments:

  1. സ്മാർട്ട്‌ ഓണം'!
    മഹാബലിയെ ഇങ്ങനെ കോമാളിയായി ചിത്രീകരിക്കുന്നതിൽ എപ്പോഴും ഖേദം തോന്നാറുണ്ട്. കവിത നന്നായി ഗിരീഷ്‌. ഓണം പ്രമാണിച്ച് പ്രത്യേകിച്ച് ഒരു സന്തോഷക്കൂടുതൽ ഒന്നുമില്ലെങ്കിലും പറയട്ടെ ഒരു Happy Onam.

    ReplyDelete
  2. എല്ലാവര്ക്കും ചിരിക്കാനല്ലേ എപ്പോഴും ഇഷ്ടം. അതുകൊണ്ട് എല്ലാം ചിരിയിലേക്ക് മാറ്റാന്‍ നോക്കുമ്പോള്‍ എല്ലാതും കൊമാളിത്തമായി വരും.
    ഓണക്കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഓണക്കവിത കൊള്ളാം കേട്ടോ-- ഇഷ്ടായി--

    ReplyDelete
  4. കവിത ഇഷ്ടപ്പെട്ടു.അക്ഷരത്തെറ്റ് ഒഴിവാക്കാം.

    ReplyDelete
  5. ഓണക്കവിത കൊള്ളാം

    ReplyDelete
  6. മാവേലിനാടു വാണിടും കാലം
    മാനുഷരെല്ലാരുമൊന്നുപോലെ

    ശ്രീ.ഗിരീഷിന്‍റെ ഈ കവിതവായിച്ചപ്പോള്‍ മേലുദ്ധരിച്ച വരികള്‍ എന്‍റെ ഉള്ളിലേക്ക് പെയ്തിറങ്ങുകയും "തെരുവ് കോമാളി"യുടെ വാത്സല്യത്തോടെയുള്ള പുന്നാരം മിന്നല്‍ നടുക്കമായ് എന്നെ സ്തംഭിപ്പിക്കുകയും ചെയ്തു........
    ആശംസകള്‍.

    ReplyDelete
  7. എല്ലാം യാന്ത്രികമാവുന്ന കാലം ,!!.. മനുഷ്യ ജീവിതത്തിന്‍റെയും സമത്വത്തിന്‍റെയും പ്രതീകമായ മാവേലിയും കേവലം വിപണന മേഖലയുടെ ഭാഗമാക്കി നമ്മള്‍ .നാളത്തെ മാവേലി കോമഡി കഥകളിലെ ഒരു കഥാപാത്രമായി മാത്രം മാറുന്ന കാലം അധികമല്ല .. ഓണശംസകള്‍ ഗിരി :)

    ReplyDelete
  8. ഓണം ഓണം തന്നെയായി നിലനില്‍ക്കട്ടെ അല്ലേ!
    ആശംസകള്‍

    ReplyDelete
  9. പാവം മാവേലി.. :( കവിത കൊള്ളാം

    ReplyDelete
  10. കോമാളിക്കുള്ളിലെ മനുഷ്യനെ അറിയുവാന്‍ ശ്രമിച്ചതില്‍ സന്തോഷം.

    ReplyDelete
  11. മാവേലിയെ കോമാളിയാക്കി ഒരു പറ്റം ജനങ്ങൾ ജീവിച്ചിടുന്നു. എങ്കിലും നമുക്കാ നല്ല സങ്കൽ‌പ്പത്തിൽ വെള്ളം ചേർക്കാതെ ഒരു സ്വപ്നമായിത്തന്നെ കൊണ്ടു നടക്കാം.

    ReplyDelete
  12. വൃത്തവും പ്രാസവുമുള്ള നല്ല ഒരു കവിത സമ്മാനിച്ചതിൽ ഗിരീഷിനു അഭിനന്ദനം. ഓണാശംസകൾ !

    ReplyDelete
  13. എല്ലായിടത്തും എല്ലാവർക്കും മാവേലി ഒരു കോമാളി മാത്രമാകുന്നത് കാണുമ്പോൾ സങ്കടം തോന്നും.... ഈ കവിത അക്കാര്യം ലളിതമായി വായനക്കാരിലേക്കും പകരുന്നു .

    കവിത നന്നായി കേട്ടോ.... അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ കൂടുതൽ നന്നാവും

    ReplyDelete
  14. ഓണക്കവിത ഇഷ്ടമായി.. പാവം മാവേലി..

    ഗിരീഷിനും കുടുംബത്തിനും എന്റെ ഓണാശംസകൾ...

    ReplyDelete
  15. Oona kawitha nannayi, new genaration kawithaa,,

    ReplyDelete
  16. എല്ലാം കച്ചവടമാക്കുന്ന ഈ കാലത്ത് പാവം മാവേലി വെറുമൊരു കച്ചവടതന്ത്രം മാത്രം......കവിത നന്നായി .ഓണാശംസകൾ ....

    ReplyDelete
  17. നല്ല തെളിമയോടെ എഴുതി... ഓണക്കാഴ്ചകള്‍ മുഴുവനും നന്നായി ഉള്‍ക്കൊണ്ടു .. ഓണാശംസകള്‍

    ReplyDelete
  18. നന്നായി..ചിന്തകൾ.അല്ലെങ്കിലും
    മാവേലിയേ അന്നേ കോമാളി
    ആക്കിയില്ലേ വാമനൻ ??
    മരണവും പതനവും ചവിട്ടി താഴ്ത്തലും
    ആഘോ ഷം ആക്കുന്ന മലയാളിക്കു മുന്നിൽ
    കീറിയ ഓലക്കുടയുമായി വീണ്ടും വിനയ
    കുനിതനായി മാവേലി....

    ReplyDelete
  19. കലക്കി.... സത്യത്തില്‍ കുട്ടികാലം കോമാളിയായ മാവേലിയെയാണ് ഇഷ്ടം. (എങ്കിലും അറിയുന്നു കരുത്തനായ ദ്രാവിഡ പ്രജാപതിയെ....)

    ReplyDelete
  20. കോമാളിയായി ചിത്രീകരിക്കുന്ന മലയാളി
    നല്ല കവിത
    ഓണാശംസകള്‍

    ReplyDelete
  21. എവിടെയും ഒരു കോമാളിയുടെ പരിവേഷമാണ് മാവേലിക്ക് .... കവിത ഇഷ്ടായി ഗിരിഷ്

    ReplyDelete
  22. കവിത വായിച്ചു...ഇഷ്ടപ്പെട്ടു......ദൈര്‍ഘ്യമുള്ള കവിതകള്‍ എഴുതുമ്പോള്‍ ആവശ്യമായിടത്ത് ഖണ്ഡിക തിരിച്ച് എഴുതുന്നത് നന്നായിരിക്കും....

    ReplyDelete
  23. 'കോമാളി'ക്കുള്ളിലെ നല്ലതിനെ,നന്മയെ തിരിച്ചെടുക്കാം.ഓണത്തെപ്പറ്റിയുള്ള ഈണമുള്ള ഈ കവിതക്ക് ആശംസകള്‍ !

    ReplyDelete
  24. ഇവിടെത്താന്‍ വൈകി ന്നാലും .നല്ലൊരു ഓണാശംസകള്‍ നല്ല കവിത !

    ReplyDelete
  25. കോമാളിമാവേലിയേക്കണ്ട് ആര്‍ക്കും ഫീലിങ്ഗ്സൊന്നും ഹാര്‍ട്ട് ആവുന്നില്ലേന്ന് ഒരു ചോദ്യം മനസ്സില്‍ വന്നതാണ്..

    ReplyDelete
  26. ഇഷ്ട്ടായി,ഇഷ്ടാ.....തല്‍ക്കാലം മിണ്ടാതെ പറയാതെ പോകയാണ്.....!

    ReplyDelete
  27. ഇഷ്ടം..
    ഓണക്കവിത ..നന്നായ് ..
    നഷ്ടങ്ങളെ ഒര്മാപ്പെടുതുകയും ചെയ്തു
    വരികൾക്കിടയിലൂടെ ഇവിടം വരെ എത്തി

    ReplyDelete
  28. കൊള്ളാല്ലോ!! വ്യത്യസ്തം...

    ReplyDelete
  29. ഓണക്കവിത കൊള്ളാം ഗിരീഷ്‌ ..!

    ReplyDelete