Wednesday, August 21, 2013

ഓർമ്മകൾ


ഒരു പനിനീർ പൂവിതളിൽ
പതിയുമീറൻ തുള്ളി പോലെ
ചിതറിയെൻ അകതാരിൽ മെല്ലെ
കുളിരു ചൊരിയുമൊരോർമ പോലെ

കരിമിഴിയിണ പറയുമോരോ
പരിഭവ തേൻ മധുര മൊഴികൾ
മൃദുലമാം ചെഞ്ചുണ്ടിലരുണിമ
വിടരുമാ സായന്തനങ്ങൾ

മഴ നനഞ്ഞു കുതിർന്ന മണ്ണിൽ
ഇളവെയിൽ പടരുന്നു മെല്ലെ
തരളമെൻ ഹൃദയം തുടിപ്പൂ
തഴുകി അണയുമൊരോർമ പോലെ

മനസ്സ് കടലായ്മാറി ഇളകി
സ്മൃതി തിരപോൽ ബാക്കിയായി
ദൂരെ മാഞ്ഞു മറഞ്ഞു പോയീ
സ്നേഹമായ പ്രഭാമയൂഖം.

**********

Sunday, July 14, 2013

പൂത്തുമ്പി


തങ്കവർണ്ണ കണിപൂങ്കുലകൾ തോറും,
തത്തി കളിക്കുന്ന പുലരിതൻ കനലൊളി,
കണികണ്ടു കണ്‍ തുറന്നീടുവാൻ ഉറങ്ങുക
കനവിലെ പൂഞ്ചില്ലയിൽ വന്ന പൂത്തുമ്പി.


താമര പൂന്തണ്ടുലയുമ്പോൾ ഇളകുന്ന
ചെന്തളിർ ഇതളുപോൽ ചിറകുള്ള പൂത്തുമ്പി
തുമ്പ കുടത്തിന്റെ തുഞ്ചത്ത് ചുംബിച്ച്
തുള്ളി തുളുമ്പി തിളങ്ങുന്ന പൂത്തുമ്പി

മന്ദാര പൂവിതൾ വിടരുന്ന പോലെ
നിലാവ് പടർന്നു നിറയുന്ന പോലെ
നിദ്രയിൽ നിൻ നീല നയനങ്ങൾ കൂമ്പുംപോൾ
കിനാവ്‌ തെളിഞ്ഞു വരട്ടെ
മധുരക്കിനാവ്‌ തെളിഞ്ഞു വരട്ടെ.

Saturday, July 13, 2013

നീയും ഞാനും


നീയും ഞാനും

വിണ്ണായിരുന്നു ഞാനൊരുനാളിൽ,
 നിലാവിന്റെ ചിരിയുമായ്  മാറിൽ മയങ്ങിനീ., 
മണ്ണായിരുന്നു ഞാനൊരുനാളിൽ,
മഴയായ് വെയിലായ് എന്നിലണഞ്ഞു നീ.,
കടലായിരുന്നു ഞാനൊരുനാളിൽ,
പുഴപോലെ ഒഴുകിവന്നെന്നിൽ നിറഞ്ഞുനീ.,
ശിലയായിരുന്നു ഞാനൊരുനാളിൽ, 
തെളിനീരലപോലെ  എന്നെ തഴുകിനീ.,
പൂവായിരുന്നു ഞാനൊരുനാളിൽ,
പൂന്തെന്നലായെന്നെ തലോടിനീ.,
 മുരളിയായിരുന്നു ഞാൻ ഒരുനാളിൽ, 
തരളമൊഴൂകുമൊരു സംഗീതമായി നീ., 
വരണ്ട നാവിൻ തുമ്പിലൊരുനാളിൽ, 
 ജലതുള്ളിപോലെ പതിഞ്ഞുനീ.,
ജന്മജന്മാന്തരങ്ങളായ് പരസ്പരം., 
പിരിയാതെ ദൂരെ അകലാതിരുന്നുനാം,
ഈനിമിഷത്തിലെവിടെ മറഞ്ഞുനീ, 
എന്നെയും തേടി അലയുവതെവിടെയോ.,
 കരിഞ്ഞു പൊഴിഞ്ഞ കരിയില തുണ്ടുപോൽ, 
തിരഞ്ഞിടുന്നു നിന്നെയെൻ മാനസം., 
തകർന്നടിഞ്ഞൊരെൻ ഹൃദയവാതിലും,
തുറന്നിടുന്നിതാ നിന്നെ വരവേൽക്കുവാൻ., 
ജ്വലിക്കുമൊരു തീ നാളമായ് അഗ്നിയായ്,
വരിക നിന്നെയും കാത്തിരിക്കുന്നു ഞാൻ.,  
എരിഞ്ഞൊടുങ്ങിടാം ഒന്നായി മാറിടാം, 
പുണർന്നിടൂ പ്രിയേ സഫലമാകുമീ ജന്മം., 
പിരിയുകില്ല നാം ഇനിയൊരിക്കലും, 
ഇരു കൈകളും ഇറുകെ പിടിച്ചിടാം.,  
ഇനിയുമേറെ ജന്മങ്ങൾ താണ്ടിടാം,  
ഇനിയുമിനിയും ഏറേ നടന്നിടാം,  
 വിണ്ണായിടാം വെണ്‍ചന്ദ്രികയായിടാം, 
മണ്ണായിടാം  മഴവില്ലുമായിടാം,  
പുഴയായ് തെളിനീരലകളായിടാം 
പൂവായിടാം പൂന്തെന്നലായിടാം.,  
ഇനിയു മിനിയും ജന്മമെടുത്തിടാം,   
തളിരിടാം ഇല കൂമ്പുകൾ പോലെ. 
*************


പ്രിയപ്പെട്ട നിനക്ക്,

ഇന്ന് ഞാൻ കരിഞ്ഞു പൊഴിഞ്ഞ ഒരു കരിയില തുണ്ടാണ്.,
നീ ഒരു ജ്വലിക്കുന്ന തീനാളമാണ് അഗ്നിയാണ്.,
നീ എന്നെയും തേടി എവിടെയോ അലയുന്നു.,
ഞാൻ നിന്നെയും കാത്തിരിക്കുന്നു.,
നമ്മുടെ സംഗമം ഈ ജന്മത്തിന്റെ ഒടുക്കവും വേറൊന്നിന്റെ തുടക്കവുമായിരിക്കും.

സ്നേഹത്തോടെ,

ഗിരീഷ്‌


Thursday, July 4, 2013

ഭ്രാന്തിന്റെ ജല്പനം.


പ്രിയപ്പെട്ട നിനക്ക്,


ഞാൻ എന്നത് നീ എന്നോ കണ്ടു മറന്ന ഒരു ഭ്രാന്തനോ ഭ്രാന്തിയോ ആകാം.
മനസ്സിന്റെ വിഭ്രാന്തിയാൽ,
എന്തിലും ഭ്രമികുന്ന,
എവിടെയൊക്കെയോ ചുറ്റി തിരിയുന്ന,
ഒന്നിലും സ്ഥിരത ഇല്ലാത്ത,
അനേകം ഭ്രാന്തരിൽ ഒരാൾ.,
ഗൗരവം നിറഞ്ഞ എന്റെ മുഖത്ത് ചെറിയ പുഞ്ചിരി വിടരുന്നു പോലും.
ശരിയായിരിക്കാം, ഏതാനും കാലടികൾ അകലെ,
ഒരു ശ്മശാന ഭൂമിയിൽ,
അവിടവിടായി എരിഞ്ഞൊടുങ്ങുന്ന തീനാളങ്ങളുടെ വെട്ടം,
മുഖത്ത് പതിയുന്നുണ്ട്.,
ഞാൻ സ്വയം അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരിക്കാം.,
കാരണം.,
കാലുകൾ അത്രത്തോളം നടന്നു തളർന്നിരിക്കുന്നു.
ഇത് കേൾക്കുമ്പോൾ നീ പിണെയും ചോദിക്കുമോ?
നിനക്ക് പ്രാന്താണല്ലേ? എന്ന്.
എങ്കിൽ ഇതുംകൂടി കേൾക്കൂ.,
ഇത് പ്രാന്തിന്റെ പര്യവസാനം ആണ്.,
ഭ്രാന്തന്മാരുടെ പര്യവസാനം.,
പൂർണതയെ പ്രാപിക്കുന്നതിന് മുമ്പുള്ള വെറും ജല്പനം.
ഭ്രാന്തിന്റെ ജല്പനം.
ഭ്രാന്തരുടെ ജല്പനം.


സ്നേഹത്തോടെ,
ഗിരീഷ്‌
*******

Saturday, June 29, 2013

ഉത്തരാഖണ്ഡ്


ചിത്രം ഗൂഗിളിൽ നിന്നും എടുത്തത്


ദേവദാരു പൂത്ത മണമല്ല നിറയുവതു- 
-ജഡമഴുകി ഒഴുകുന്ന രൂക്ഷ ഗന്ധം,

താണ്ഡവം സംഹാര താണ്ഡവം അലറി-
-ഉയരുന്ന കോപാന്ധ രുദ്ര താളം,

നീൻ ലിഖിതനിയമങ്ങൾ ലംഘിച്ച മേടകൾ 
നീ തന്നെ തൂത്തെറിയുന്ന താളം., 

നിൻ ചെറുവിരലനക്കത്തിലിന്നെൻ 
അഹങ്കാര മകുടമടരുന്ന താളം., 

പ്രകൃതീശ്വരീ നിന്റെ ചേതോഹരമായ 
ഹരിതക ചേല കവർന്നവൻ ഞാൻ., 

ക്ഷണനേരമൊരു നേർത്ത കാറ്റിലുലഞ്ഞിതാ   
പിടിവിട്ടടർന്നു ഞാൻ  നീർത്തുള്ളി പോൽ.,

നിന്നോട് ചേരുന്നു  നിന്നോടലിയുന്നു  
നിന്നിലേക്കായ് ചിതറി വീണിടുന്നു.,

മാപ്പ് തന്നീടുക മാതാവേ ഞാനിന്ന്- 
മാപ്പിരക്കാൻ യോഗ്യനല്ലെങ്കിലും., 

മാപ്പ് തന്നീടുക മാതാവേ ഞാനിന്ന്- 
മാപ്പിരക്കാൻ യോഗ്യനല്ലെങ്കിലും.

********


Sunday, June 9, 2013

ഒരു നിമിഷം

ഒരു നിമിഷവും കൂടി തരിക നിൻ പുഞ്ചിരി-
-പൂമുഖത്തേക്കെന്റെ മിഴികൾ തുറക്കുവാൻ.
ഹൃദയത്തിനുള്ളിൽ ഒരുൾത്തുടിപ്പായ് ,
ശ്രുതിയിട്ട വീണക്കമ്പികൾ പൊട്ടുന്നു,
മായുന്നു മായക്കാഴ് ച്ചകളാണെല്ലാം.,
മഴമേഘ രഥമേറി നീ വന്നു നിന്നതും, 
വർണങ്ങൾ വാരി വിതറിയെൻ മിഴികളിൽ, 
മഴവില്ലിൻ അഴക്‌ വിരിയിച്ചു തന്നതും, 
മയിൽപേടയേ പോലെയെൻ അകതാരിൽ, 
മയൂര നൃത്തമാടി തിമിർത്തതും,
മായുന്നു മായക്കാഴ്ച്ചകളാണെല്ലാം.,
കണ്‍പോളകൾ കൂമ്പി അടയുന്നതിൻ മുമ്പേ, 
സ്മൃതി നശിച്ചെല്ലാം മറയുന്നതിൻ മുമ്പേ, 
ഒരു നിമിഷവും കൂടി തരിക നിൻ പുഞ്ചിരി-
-പൂമുഖത്തേക്കെന്റെ മിഴികൾ തുറക്കുവാൻ.
********



Saturday, April 6, 2013

കണിക്കൊന്ന


മഞ്ഞകസവണി ഞൊറിയുടുത്ത്, 
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു., 
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്, 
പൊന്‍വിഷു പുലരിയുദിച്ചിടുന്നു. 

മഞ്ഞള്‍ നിറമോലും പൂങ്കുലയില്‍, 
തുള്ളികളിച്ചിടും പൂമൊട്ടുകള്‍.,
കണ്ണന്റെ പൊന്നരഞ്ഞാണത്തിലെ, 
കിങ്ങിണി പൊന്‍മണി മുത്ത്‌ പോലെ.

ആകാശത്തമ്പിളിവെട്ടത്തിലായ്,
താരാഗണങ്ങളേപോലെയാവാന്‍., 
മേടമാസ പാല്‍നിലാവ് കൊള്ളാന്‍, 
മോഹിച്ച മോഹങ്ങളാരു കാണാന്‍.

മൃദു ശാഖ തല്ലി കൊഴിച്ചു കൊണ്ട്
വാണിഭ കെട്ടുകളാക്കി മാറ്റി, 
വിലയിട്ടു വിലപേശി വിറ്റിടുന്നു,
വാസന്ത  മന്ദസ്മിതങ്ങളെല്ലാം.

എങ്കിലും പൊന്‍കണിയായി മാറാന്‍, 
കര്‍ണികാരം  പൂത്തുലഞ്ഞിടുന്നു., 
കണ്ണന്റെ പാദാരവിന്ദങ്ങളില്‍, 
ഞെട്ടറ്റു പൊഴിയുവാന്‍  മോഹമോടെ. 

മഞ്ഞ കസവണി ഞൊറിയുടുത്ത്, 
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു., 
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്, 
പൊന്‍ വിഷു പുലരിയുദിച്ചുവന്നു.  

**********


വരുന്ന ഏപ്രില്‍ 14 മേടം 1 നു പുതിയൊരു  വിഷുപുലരികൂടി പൊട്ടിവിടരുന്നു
പ്രിയപ്പെട്ട ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ !

സ്നേഹത്തോടെ,
ഗിരീഷ്‌

*************