Tuesday, June 17, 2014



അറിയാതലിഞ്ഞുപോയ് വിടർന്ന പൂങ്കവിളിതളു-
-കളിൽ നിന്നുടെ പുഞ്ചിരിമലരൊളിയിൽ കുസൃതികളിൽ.,
തെന്നൽ കുളിരലയിൽ അടരും  മഴനീർക്കണമായ്-
-ഞാൻ നിന്നെ പുണരുന്നു മണ്ണിലൊടുങ്ങി മയങ്ങുന്നു....

************

Friday, June 6, 2014

ഭൂതങ്ങൾ..





അമ്മതൻമടിയിലിരുന്നിരുകൈകൂപ്പി
സന്ധ്യക്ക്‌ നാമം ജപിച്ച ദിനങ്ങളിൽ.,
ഇമവെട്ടിടാതെ ഞാൻ മിഴിനട്ടിരുന്നൊരു ,
തിരിനാളമൂതി കെടുത്തുന്നു ഭൂതങ്ങൾ.,


കുഞ്ഞുനാൾ കുഞ്ഞിക്കുറുമ്പുകാട്ടും നേരം .,
അമ്മ പറഞ്ഞതാം കോക്കാച്ചി ഭൂതമൊ..?
രാക്ഷസ ആകാരമുള്ള ദുർഭൂതമൊ..?
ഇന്നുവന്നെവിടെയും ഇരുള് തൂവീടുന്നു..?

മാനത്തിനായ് താണ് കേഴുന്നു നാരിമാർ.,
ആലംബഹീനരായ് മാറുന്നു വൃദ്ധകൾ.,
ബാല്യങ്ങൾ പിച്ചവച്ചീടുന്ന തൊടിയിലും
ലഹരിപൊതിയുമായ് നിൽക്കുന്നു ഭൂതങ്ങൾ.,

കണ്‍കളെൻ അമ്മതൻ കൈകളാലേ മൂടി.,
കണികാണുവാനിന്ന് അടിവച്ചു നീങ്ങവേ.,
മനസ്സിലെ ഇരുളിൽ തെളിയുന്നു രൂപങ്ങൾ.,
മാമരത്തിൽ തൂങ്ങി ആടുന്നു പ്രേതങ്ങൾ.,

ഇരുളാണ് ഭയമാണ് മിഴികൾ തുറക്കുവാൻ.,
ഇരുളിന്റെ മറവിലായ് എവിടെയും ഭൂതങ്ങൾ.,
ഭയമാണ് അമ്മകൈയ്യൊന്നു വിടുവിക്കുവാൻ.,
ഭയമാണ് അമ്മയ്ക്കരികിൽ നിന്നകലുവാൻ.,

മിഴികളിൽനിന്നമ്മ കൈകളെടുക്കേണ്ട.,
ഓട്ടുരുളിയിൽനിന്നുൾക്കണ്ണിൽ വരൂ കണ്ണാ.,
അണയുവാൻ വെമ്പുമീ തരിവെട്ടമകതാരി-
-ലണയാതെയെന്നമ്മകൈകളാൽ കാക്കണേ...

****

Saturday, May 10, 2014

മഴക്കുളിര്..


മഴ പെയ്തു മണ്ണ് കുതിർന്നൊരു നേരം,
മനസിലൂടൊരുകൊച്ച് കുളിർകാറ്റ് വീശി.,
ബാല്യത്തിൻ കുസൃതിക്കുറുമ്പോർമ്മ പൂക്കൾ,
തഴുകിവരൂന്നൊരിളം കുളിർ കാറ്റ്.,


മുറ്റത്ത്  മഴയത്തിറങ്ങി നടന്നു,
അങ്ങിങ്ങ് നിറയുന്ന മഴവെള്ളമെല്ലാം,
കുഞ്ഞു പാദങ്ങളാൽ തട്ടിരസിച്ചു.,
കടലാസ് തോണി തുഴഞ്ഞ് കളിച്ചു.,


സ്നേഹം പുരട്ടിയ വാക്കുകൊണ്ടമ്മ,
ശകാരവർഷം ചൊരിയും മുഹൂർത്തം,
ഒരുവേളകൂടി പുനർജനിച്ചീടാൻ,
മഴയും നനഞ്ഞ് നടന്നു ഞാൻ വെറുതെ.,


പുതുമഴ കൊണ്ടൊരീ മണ്ണിൻ മണം പോൽ,
പുതു വസ്ത്രവും പുതു പുസ്തകത്താളും,
പകരുന്ന പരിമളം ഹൃദയത്തിലേറ്റി,
സ്കൂളിന്റെ പടികടന്നെത്തി ഞാൻ വെറുതെ.,


 ഇനിയില്ലിതെല്ലാമൊരോർമകൾ മാത്രം,
നോവുന്ന കുളിരുന്ന ഓർമ്മകൾ  മാത്രം,
മഴമുത്തുകൾ ഉമ്മ വയ്ക്കുമീ മനസ്സിൽ,
പുതുനാമ്പു പോൽ പൊന്തുമോർമ്മകൾ മാത്രം.,


തൊടിയിലെ ചെറുമരക്കൊമ്പിലിരുന്ന്,
വണ്ണാത്തിപുള്ളതിൻ ചിറകുകൾ  കുടയെ,
പൊഴിയുന്ന ജലമണി തുള്ളികൾ വീണെൻ,
മനസ്സിൻ അകത്തളം നനവ് പടർന്നു.,


മഴ പെയ്തു മണ്ണ് കുതിർന്നൊരു നേരം,
മനസിലൂടൊരുകൊച്ച് കുളിർകാറ്റ് വീശി.,
ബാല്യത്തിൻ കുസൃതിക്കുറുമ്പോർമ്മ പൂക്കൾ,
തഴുകിവരൂന്നൊരിളം കുളിർ കാറ്റ്.

*****

പാടിയത് അന്നൂസ്


Wednesday, May 7, 2014

കാത്തിരിപ്പ്..


മകനെയും കാത്തുകാത്തമ്മ, 
ഉണ്ണാതുറങ്ങാതിരിപ്പൂ, 
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?

ഈ പതിവുള്ളതല്ല്ലല്ലോ
അവനാപത്തിലെങ്ങാനും പെട്ടോ
ഇരുള് പടർന്നേറെ വൈകി
നീയിനിയും വരാത്തതെന്തുണ്ണീ?

തെല്ലൊന്ന് പാതി മയങ്ങും, 
ഞെട്ടിയുണർന്നെത്തി നോക്കും, 
കാതോർത്ത്   ദൂരേക്ക് നോക്കും, 
ഇടനെഞ്ച് പിന്നെയും പിടയും.,

ചങ്ങാതിമാരൊത്ത്  രസമായ്‌, 
നുരയുന്ന മദ്യം നുകരേ,  
ഒർത്തില്ല അവനൊരുനിമിഷം, 
തന്നെ ഒർത്തുരുകും അമ്മമനസ്സ്.,

 ലഹരിതൻ ഉന്മാദ ഭാവം,
ആധിവ്യാധികൾക്കുള്ള കവാടം,
അറിവില്ലകത്ത് ചെന്നെന്നാൽ,
അറിവുള്ളൊരു വിദ്വാനു പോലും.,

രാവിൽ  ഇരുളിൻ മറവിൽ, 
തെരുവോരത്തിലായെവിടേയോ, 
ചോര പുരണ്ടൊരാ ദേഹം, 
പ്രജ്ഞയില്ലാതെ കിടപ്പൂ.,

ലഹരിയിൽ ഉൻമത്തനായി, 
ഇരുചക്ര വണ്ടിയിൽ കയറി, 
പരലോകത്ത് യാത്ര പോകുന്നു, 
മക്കളകലേക്ക് മാഞ്ഞു പോകുന്നു., 

അറിയുന്നതില്ലവരൊന്നും,  
കാത്തിരിക്കുന്നു വീട്ടിലൊരമ്മ, 
നെഞ്ചിലുറയുന്ന വേദന തിന്ന്, 
ഉണ്ണാതുറങ്ങാതെ എന്നും.,

ആറ്റുനോറ്റുണ്ടായതല്ലേ,
അമ്മക്ക് പൊൻവിളക്കല്ലേ,  
അമ്മതൻ സ്വപ്നങ്ങളല്ലേ,
മടിയാതെ വരിക നീ ഉണ്ണീ.,

മകനെയും കാത്തുകാത്തമ്മ, 
ഉണ്ണാതുറങ്ങാതിരിപ്പൂ,
ഇനിയും വരാത്തതെന്തുണ്ണീ?
നീയിനിയും വരാത്തതെന്തുണ്ണീ?

*******

Monday, April 21, 2014

മധുരഗാനം



ഏതോ കുയിൽ പാടുന്നുണ്ടെവിടെയോ,
ഏകനായ്  മാമര ചില്ലയിലെവിടെയോ,
ഇന്നലേയുമിന്നും  കേട്ടു   ഞാനിനി-
- നാളെയും  കാതോർത്തിടാം മധുരഗാനം.,  


 രാവും പകലും മാറുന്നതറിയുന്നുവോ നീ ?
രാവിന്റെ മാറിൽ  തല ചായ്ച്ചുറങ്ങിയോ ?
ഇന്നത്തെ അന്നം തേടി പിടിച്ചുവോ ?
ഒരു മറുപാട്ടിനായ്  കാതൊർക്കുന്നുവോ വൃഥാ ?


ശോകിച്ചിടുന്നു നീയും ഞാനുമെന്തിനോ,
 ശോകമൂകമാകരുതെങ്കിലും   ഹൃദയരാഗം.,
ശോകമെലലാം ഉൾത്തടത്തിലായൊതുങ്ങിടുമ്പോൾ
ബഹീർഗമിക്കുന്നുവോ ഉയരെനിൻ മധുരഗാനം ?.


ഏതോ കുയിൽ പാടുന്നുണ്ടെവിടെയോ
ഏകനായ്  മാമര ചില്ലയിലെവിടെയോ
ഇന്നലേയുമിന്നും  കേട്ടു   ഞാനിനി-
- നാളെയും  കാതോർത്തിടാം മധുരഗാനം. 

***********




  

Friday, October 11, 2013

പൂവ്



ഇരുളു  തുരന്നു വരുന്നേ  പൂവ് 
ഇരുളിനകത്ത്   മറഞ്ഞേ പൂവ് 
ഇരുളും വെട്ടവുമിടചേർന്നങ്ങനെ 
ഇരുകര താണ്ടി നടപ്പൂ ഞാനും. 

*******

കഥയില്ലാതെ എന്ന ബ്ലോഗിലെ പുതിയ പോസ്റ്റിലേക്കുള്ള ലിങ്ക് 

Wednesday, October 2, 2013

കൊതുക്



അന്തമില്ലാ രാത്രിയിലിലെൻ 
ചിന്താശൂന്യ മണ്ഡലങ്ങളിൽ 
ഒന്നുരണ്ടല്ലായിരങ്ങൾ 
കുന്തമുനയായ് ഓടിയെത്തും 
ചോരയൂറ്റി എടുത്ത് പിന്നെ
മൂളിയങ്ങ് പറന്നുപോകും
രണ്ടു നാളല്ലേറെനാളായി
വന്നു കൂടിയ ദ്രോഹമല്ലോ 
ഉള്ളിലുള്ളൊരു തുള്ളി അലിവാൽ 
വേണ്ട വേണ്ടായെന്ന് വയ്ക്കേ 
ഇല്ല ഇനി ഒരു രക്ഷ എന്നാൽ 
നിദ്രവിട്ടൊരു സിംഹമായ് ഞാൻ 
ഇന്ന് തന്നെ ഉയർത്തെണീക്കും 
ഇന്ന്‌ രാവിലുറക്കമില്ലാ 
യുദ്ധമല്ലോ ഘോര യുദ്ധം 
ഒന്നുമൊന്നും ബാക്കിയില്ലാ- 
-തൊന്നൊന്നായ്‌ ചതഞ്ഞരയും 
എട്ട് ദിക്കും കാണുമാറെൻ 
വിജയകൊടിയീ വാനിലുയരും

*******
ഞാൻ എന്നത് ഈ ലോകമാണ്. എന്റെ ചിന്താ ശൂന്യമായ പ്രദേശങ്ങളിൽ  ഒരുപാടുണ്ട് ഇതുപോലെ പതിയിരുന്നു   ദ്രോഹം ചെയ്യുന്ന  കൊതുകുകളെപോലെഉള്ള ദുർഭൂതങ്ങൾ...സമാധാനം തരാതെ...