ഇനിയുമൊരുവട്ടവും കൂടിയെന്‍ ഹൃദയമേ
വരികയീപുഴകടവിലായിരുന്നിടാം
നീന്തി തുടിക്കുന്ന മീനുകള്‍ക്കുണ്ണുവാന്‍
മലരുകള്‍ വാരി വിതറിരസിച്ചിടാം
പതിയെ വഴുകാതെ പടികളിറങ്ങിയെന്‍
കാല്‍കളും മുഖവുമീ മനസ്സാല്‍ നനച്ചിടാം
അറിഞ്ഞുമറിയാതെയും ചെയ്തു കൂട്ടിയോ-
-രപരാധമൊക്കെയും കഴുകി കളഞ്ഞിടാം
ഉലയുന്നൊരാല്‍മരച്ചില്ലകള്‍ കണ്ടി-
-ട്ടകതളിര്‍ നിറയുന്ന കുളിരുമായ് നിന്നിടാം
കിളികള്‍തന്‍ കളകളാരവശബ്ദഘോഷത്തില്‍
ഉദയകിരണങ്ങള്‍ക്കു സ്വാഗതം ചൊല്ലിടാം
അമ്പല ശ്രീകോവില്‍ നടയില്‍ നിന്നുണരുന്ന
ശംഖനാദത്തിന്റെ മധുരംനുണഞ്ഞിടാം
അനര്‍ഗളമൊഴുകുമിടക്ക സംഗീതത്തിന്ന-
-ലകളിലെല്ലാം മറന്നുലയിച്ചിടാം
ചന്ദന തിരിയുടെ ഗന്ധമായി മന്ദ-
-മാരുതാലിങ്ഗന ശാന്തിനുകര്‍ന്നിടാം
ഒന്നുമറികയില്ലെന്നതറിഞ്ഞിടാം
എല്ലാമറിയുന്ന ദേവനെ തൊഴുതിടാം
ശ്രീരാമ പാദങ്ങള്‍ കണ്‍നിറയെ കണ്ടു
ശ്രീരാമനാമ ജപത്തിലൊതുങ്ങിടാം
ഭഗവാന്റെ തീര്‍ത്ഥം നുണഞ്ഞിടാം പനിനീരു-
-ചാലിച്ച ചന്ദനം നെറ്റിയില്‍ ചാര്‍ത്തിടാം
നിലവിളക്കിന്‍ തിരിനാളത്തില്‍ തെളിയുന്ന
ചൈതന്യമീയകതാരില്‍ നിറച്ചിടാം
ആഷാഢ മേഘങ്ങള്‍ നിറയുന്ന വേളയില്‍
ആ ദിവ്യ ചരിതങ്ങള്‍ ഉരുവിടും പുലരിയില്‍
ഇനിയുമൊരുവട്ടവും കൂടിയെന്‍ ഹൃദയമേ
വരികനീ തൃപ്രയാറപ്പന്റെ അരികിലായ്
***************