Monday, April 6, 2015

പെയ്യാത്ത മഴ

എവിടെയോ വിരുന്നുവന്നൊരു മഴയുടെ തണുപ്പുമായി
ഇന്നൊരു ഇളം തെന്നൽ എന്നെ കൊതിപ്പിച്ചു പോയ്‌..
കരിഞ്ഞ ചെണ്ടുമല്ലിപൂക്കൾ തൊട്ട് തലോടി നിന്ന്
എത്രയോ ശലഭകൂട്ടങ്ങൾ കൊതിച്ച് പറന്നു പോകുന്നു..

നാളെ ഇവിടെയും പെയ്യട്ടെ.... :)

ശുഭരാത്രി..



Saturday, December 27, 2014

ശുഭയാത്ര !

അഗ്നി പകരുന്ന നിമിഷത്തിൽ
ശൈശവത്തിന്റെ പാൽപുഞ്ചിരി....

ഒരു ആളികത്തൽ
ബാല്യവും കൗമാരവും യൗവ്വനവും

സായാഹ്ന കിരണത്തിന്റെ  തൂവൽ സ്പർശമായ്
മെല്ലെ മെല്ലെ  തഴുകി മറയുന്ന
വാർദ്ധക്യത്തിന്റെ ജ്വാലാ മുഖങ്ങൾ

മിന്നാ മിനുങ്ങുകളേപോൽ  മന്ദം മന്ദം മിഴി പൊത്തുന്ന
പുകച്ചുരുളുകൾക്കിടയിലെ കനൽപുറ്റുകൾ


ചെമ്പട്ടാൽ  പൊതിഞ്ഞു വച്ച മണ്‍കുടത്തിൽ
ചിതാഭസ്മമായ് ആവാഹിക്കപെടുന്ന പുരുഷായുസ്


 പാതി വഴിയെത്തിയത്രെ ...
എങ്കിലും എത്ര പിന്നിലാണ്..
കടന്നുപോയവർക്കരികിലേക്ക്
കാണാമറയത്തേക്ക്..
ഇനിയുമുണ്ടേറെ....
അതോ അടുത്ത വളവ് തിരിയുമ്പൊഴോ ..?
വഴികളൊക്കെ എത്ര സുന്ദരം..
ഈ യാത്ര വളരെ മനോഹരം..

            *********


Friday, September 5, 2014

തെരുവ് കോമാളി.


തെരുവിലെ വ്യാപാര ശാലക്ക് മുന്നിലെ
കോമാളി ഞാനൊരു കുടവയറൻ 
പാതാള ദേശത്തു വാഴുന്ന എന്നെയും   
കോമാളിയാക്കിയീ വ്യാപാരികൾ
തെരുതെരെ തിരപോലെ അലറിമറിയുന്ന
തെരുവോരമെല്ലാം  മിഴിയുഴിഞ്ഞ്
വെയിൽകൊണ്ട്  നാവു വരണ്ടുപോയ്‌
മെല്ലെ ഞാൻ കുടവയർ തൊട്ട്തടവിനിൽപ്പൂ
കള്ളവും ചതിയും പൊളിവചനങ്ങളും
ഉള്ളൊരു മേടക്ക് കാവൽ നിൽപ്പൂ
തെല്ലിട നേരം കഴിഞ്ഞിതാ ശാന്തമാം  
തെന്നലെൻ അരികത്തൊഴുകിവന്നു 
  വെള്ള നിറമുള്ള കാറിൽനിന്നങ്ങനെ
മൂന്നുപേർ മെല്ലെ ഇറങ്ങി വന്നു
ഭാര്യയും ഭർത്താവൂമാണവർ പിന്നൊരു 
കുട്ടികുറുമ്പിയും കൂട്ടിനുണ്ടേ
കൊച്ചരിപല്ല് പുറത്തുകാട്ടി ചിരി -
-ച്ചച്ചന്റെ കൈപിടിച്ചെന്നെ നോക്കും
കുട്ടികുരുന്നിനോടായി ഞാൻ ചോദിച്ചു
അറിയുമോ എന്നെ നീ കൊച്ചു പെണ്ണെ..?
പണ്ടെങ്ങോ മാമല നാടു ഭരിച്ചൊരു
അസുരനാം രാജൻ മഹാബലി ഞാൻ
അസുരനാണെങ്കിലും പാവം വിദൂഷകൻ
മീശയിതൊന്നിലും കാര്യമില്ല 
പറയുനീ എന്തുണ്ട് ഓണവിശേഷങ്ങൾ
അഴകുള്ള പൊന്നോണ തുമ്പി പെണ്ണെ
എവിടന്നു വന്നു നീ എവിടേക്കു പോണു നീ 
അവിടെല്ലാം പൊന്നോണ പൂ വിരിഞ്ഞോ.?
കാക്കപൂ തുമ്പപൂ ചെത്തിപൂ മഞ്ഞയും-
- ചോപ്പും കലർന്നുള്ള കൊങ്ങിണി പൂ.
കൂട്ടുകാരൊത്തു  നീ ചേമ്പില കുമ്പിളിൽ
നിറയുവോളം പോയി പൂ ഇറുത്തോ..?
പൊൻകതിർ ചാഞ്ചക്കം ആടി മറിയുന്ന 
വയലേല കാണ്ടുവോ കൊച്ചു പെണ്ണെ
കോടി ഉടുത്തുവോ തൈമാവിൻ കൊമ്പിലെ  
ഊഞ്ഞാലിലാടി തിമിർത്തുവോ നീ 
തുമ്പി തുള്ളുന്നത് കണ്ടുവോ പൈതലേ
തുമ്പപൂ ചോറിനാൽ സദ്യ ഉണ്ടോ..?
  ഉച്ചക്ക് ഒന്നു മയങ്ങിയ  നേരത്ത് 
മുത്തശി നല്ലൊരു കഥ പറഞ്ഞോ 
മുറ്റത്തെ പൂക്കളം സ്വപ്നത്തിൽ കണ്ടുവോ   
പാടെ മറന്നങ്ങുറങ്ങിയോ നീ   
സമയമുണ്ടാകുമോ വന്നിടാനെൻ  കൊച്ചു   
 വീട്ടിലേക്കൊന്നു ഞാൻ കൊണ്ടുപോകാം  
അവിടെയുമുണ്ടല്ലോ കുട്ടികുരുന്നൊന്ന് 
കായവറുത്തതും കാത്തിരിപ്പൂ  
അവളുടെ ഓണനിറവിനായാണു ഞാൻ 
കോമാളി വേഷം അണിഞ്ഞു നിൽപ്പൂ 
അവളുടെ പൂങ്കവിൾ വിടരുവാനാണു ഞാൻ 
പൊരിവെയിൽ കൊണ്ട് വിയർത്തുനിൽപ്പൂ 
നേന്ത്രവാഴകുല കൂമ്പിലെ പൂവിന്റെ 
മധുരിമ പോലെന്റെ കൊച്ചു മോള്  
പോരുമോ  അവളോട്‌ കൂട്ടൊന്ന്  കൂടുമോ 
പറയാത്തതെന്തു നീ കൊച്ചു പെണ്ണെ.?
സ്മാർട്ട്ഫോണിൻ ക്യാമറ കണ്ണെന്റെ
നേരേക്ക്  വിറയാതെ ഒന്നുമിന്നിച്ചു കൊണ്ട്
തളതളം താളത്തിൽ തുള്ളി കളിച്ചവൾ
അച്ഛന്റെ കൈപിടിച്ചടിവച്ചു പോയ്‌ 
അപ്പൂപ്പനോടൊന്നും മിണ്ടാതെ പറയാതെ
കൊച്ചു മിടുക്കി നീ പോകയാണോ..?

അപ്പൂപ്പനോടൊന്നും മിണ്ടാതെ പറയാതെ
കൊച്ചു മിടുക്കി നീ പോകയാണോ..?

************



Thursday, August 21, 2014

വഴക്കുപക്ഷി ബ്ലോഗ്‌ - സുഖമായിരിക്കട്ടെ...! (കവിത)

പ്രിയരേ,

ഒരു പുതിയ കവിത വഴക്കുപക്ഷി എന്ന ബ്ലോഗിൽ ഇട്ടിട്ടുണ്ട്.

താഴെയുള്ള ലിങ്കിലൂടെ അവിടെ എത്താവുന്നതാണ്. സമയം പോലെ നോക്കുമല്ലോ..?

സുഖമായിരിക്കട്ടെ...! (കവിത)

സ്നേഹത്തോടെ,
ഗിരീഷ്‌



വഴക്കുപക്ഷി ബ്ലോഗ്‌



Monday, August 4, 2014

പ്രണയം

തരളമാം മനസ്സ് തണുപ്പിച്ചു കുളിർമഴ
തെല്ലൊന്ന് തോർന്നൊരു നേരം.,

സുഖമുള്ള നിൻ ചുടു നിശ്വാസമായ് പ്രിയേ
വെയിലൊളി മിഴികളെ തഴുകേ....

കണ്ടു നിൻമുഖവും സുസ്മിതവുമെൻ തൊടിയിൽ
ഇന്നിതളിട്ട മന്ദാര പൂവിൽ.,

ദൂരെയാണെന്നും  നീ എങ്കിലും ഇപ്പൊഴെൻ
അരികിലുണ്ടീ  പൂവിതളിൽ.,

നിർമലമാം ദല ഭംഗിയിൽ മിഴിപാകി നിശ്ചലനായി
ഞാൻ നിന്നു.,

നിൻ ഹൃദയാങ്കണ ശോഭയാം തൂമന്ദഹാസമെൻ
അകതാരിൽ നിറഞ്ഞു.,

പിന്നെയും പൊഴിയുന്ന വർഷ ബിന്ദുക്കളെൻ
കവിളത്ത് ചുംബനം നൽകി.,

അക
ലെയാ വിണ്ണിലായ് സായാഹ്ന വേളപോൽ

നിറവൊളി  പിന്നെയും മാഞ്ഞു.,

അടരുന്നൊരു പുഷപ്പ ദലമീ മണ്ണിലേക്ക-
ണയുന്നതും നോക്കി നിന്നു.,

പറയുവാനിനിയും മറന്നു പോകുന്നു ഞാൻ
അറിയുന്നുവോ നീ എൻ 
 പ്രണയം.

പറയാതെ അറിയുന്നുവോ നീ എൻ  പ്രണയം.

*******




Saturday, July 26, 2014

ബലിതർപ്പണം.

അകവും പുറവും ഇരുണ്ട പ്രഭാതത്തിൽ
ചാറ്റൽ മഴയും നനഞ്ഞ്,
ബലിതർപ്പണമിടുമെൻപ്രിയതൻ ചാരെ
ഞാനും  വൃഥാ വന്നുനിന്നു.,

തെളിനീരിൽ മുങ്ങിനിവർന്നു കടവത്ത് 
ഈറനണിഞ്ഞവൾ നിൽക്കെ, 
വിറയുന്നതുണ്ടവളിടനെഞ്ചിനകമൊന്നു
പിടയുന്നതും ഞാനറിഞ്ഞു.,

ഇനിയുമാ അമ്മകൈ ഇറുകെ പിടിച്ചി- 
-ന്നൊരടിദൂരം താണ്ടിടാൻ   മാത്രം,   
ഭാഗ്യമുണ്ടായെങ്കിലെന്നു കൊതിച്ചിടാം 
വ്രണിതമാം മനമൊന്നു  വെറുതെ.,

അരുമയായ് കൊത്തിതിരയുന്നൊരു കാക്ക 
പായസ വറ്റുകൾ ദൂരെ, 
അതുനോക്കി നിൽക്കുമവളുടെ മിഴികളിൽ 
ചുടുനീർകണം പൊടിയുന്നു.,

കരയാതെ, നിൻവഴിത്താരയിൽ പിരിയാതെ   
ഞാനുണ്ട് എന്നുമേ കൂടെ,
ഹൃദയത്തിൻ തന്ത്രികൾ മീട്ടുമാ സ്വരരാഗം 
 അറിയാതെ ഞാൻ മൂളിയല്ലോ.,    

ഒരു കുളിർ തെന്നലായവളുടെ മുഖപത്മ-
-മെൻമാറിലതിലോലമമരവെ, 
അകലെയാകാശത്തിരുണ്ടൊരു കോണിലായ്,   
ചിരിയൊളി കണ്ടു ഞാൻ നിന്നു.. 

*******

Thursday, July 10, 2014

നീയെന്ന വിസ്മയം..





ഓരോരോ പൂവിതൾ തൂവുന്ന സുസ്മിതം..
ചേർത്തുവച്ചുള്ള നിൻ സ്നേഹമാം ഹാരങ്ങൾ
അണിയുന്നതുണ്ട് ഞാനിപ്പൊഴുമെൻ പ്രിയേ.
അറിയുന്നു നിൻ സ്മൃതി അണയില്ലയുൾപൂവിൽ..


മധുമലർ പാലൊളി തഴുകുന്ന പൗർണ്ണമി-
-തിങ്കൾപോലെൻ നീലവിരിമാറിൽ നീ ചായെ..
അറിയുന്നു മമഹൃത്തിലണയാ വിളക്കിലെ
ഒളിമിന്നുമോർമ്മയാം തിരിനാളമാണു നീ.. 


ഇനിയും മുളക്കാത്ത ഈരില കൂമ്പു പോൽ
ഇനിയൊരു ജന്മത്തിലൊരു മരചില്ലയിൽ
തളിരിടാൻ പ്രണയദലമർമരം തീർത്തിടാൻ
കാത്തു വയ്ക്കുന്നു ഞാൻ നീയെന്ന വിസ്മയം ...