Saturday, April 6, 2013

കണിക്കൊന്ന


മഞ്ഞകസവണി ഞൊറിയുടുത്ത്, 
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു., 
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്, 
പൊന്‍വിഷു പുലരിയുദിച്ചിടുന്നു. 

മഞ്ഞള്‍ നിറമോലും പൂങ്കുലയില്‍, 
തുള്ളികളിച്ചിടും പൂമൊട്ടുകള്‍.,
കണ്ണന്റെ പൊന്നരഞ്ഞാണത്തിലെ, 
കിങ്ങിണി പൊന്‍മണി മുത്ത്‌ പോലെ.

ആകാശത്തമ്പിളിവെട്ടത്തിലായ്,
താരാഗണങ്ങളേപോലെയാവാന്‍., 
മേടമാസ പാല്‍നിലാവ് കൊള്ളാന്‍, 
മോഹിച്ച മോഹങ്ങളാരു കാണാന്‍.

മൃദു ശാഖ തല്ലി കൊഴിച്ചു കൊണ്ട്
വാണിഭ കെട്ടുകളാക്കി മാറ്റി, 
വിലയിട്ടു വിലപേശി വിറ്റിടുന്നു,
വാസന്ത  മന്ദസ്മിതങ്ങളെല്ലാം.

എങ്കിലും പൊന്‍കണിയായി മാറാന്‍, 
കര്‍ണികാരം  പൂത്തുലഞ്ഞിടുന്നു., 
കണ്ണന്റെ പാദാരവിന്ദങ്ങളില്‍, 
ഞെട്ടറ്റു പൊഴിയുവാന്‍  മോഹമോടെ. 

മഞ്ഞ കസവണി ഞൊറിയുടുത്ത്, 
പൊന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു., 
ഹൃദയാങ്കണത്തിലും പൊന്നൊളിയായ്, 
പൊന്‍ വിഷു പുലരിയുദിച്ചുവന്നു.  

**********


വരുന്ന ഏപ്രില്‍ 14 മേടം 1 നു പുതിയൊരു  വിഷുപുലരികൂടി പൊട്ടിവിടരുന്നു
പ്രിയപ്പെട്ട ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ !

സ്നേഹത്തോടെ,
ഗിരീഷ്‌

*************

Friday, February 22, 2013

അമ്മ ഈ മനസ്സിലെ നന്മ.



അമ്മ, ഈ ഉണ്ണിതന്‍ മനസ്സിലെ നന്മ

മൂര്‍ദ്ധാവിലായ് വന്നു പതിയുന്ന ചുംബന-

-ചൂടുള്ള സ്നേഹത്തിന്‍ മഹിമ.


സ്നേഹവാത്സല്യം അലിയിച്ച വാക്കുകള്‍

നിറയുന്നു ഉണ്ണിതന്‍ കര്‍ണനാളങ്ങളില്‍.


അമ്പലത്തില്‍ പോയി വരികയെന്‍ ഉണ്ണി നീ,

ദേവിയെ കണ്‍ നിറയെ കണ്ടു തൊഴുതുവാ,

വന്നിട്ട് ചൂടുള്ള ദോശ നല്‍കാം അമ്മ,

എന്റെ പോന്നുണ്ണീടെ വയറുനിറച്ചിടാം.


ഉണ്ണിക്കിതെല്ലാം മധുരം അമ്മയുടെ

പുഞ്ചിരി പാലൊളി വിതറുന്ന നോട്ടവും

മധുരസം ഊറി ഒഴുകുന്ന മൊഴികളും

ഉണ്ണിക്കിതെല്ലാം മധുരം.


ഉണ്ണി കാലടിവച്ചടിവച്ചടിവച്ച്,

അമ്പല ഗോപുര വാതിലില്‍ എത്തവെ,

ഗോപുര മതിലിനരികിലിരിക്കുമൊ-

-രമ്മതന്‍ ദീനാനുകമ്പ കെഞ്ചും മുഖം-

-കണ്ടൊട്ടുനേരം അതുനോക്കിനിന്നുപോയ്‌


നന്മയാം നറുനിലാവാം തരി വെളിച്ചമായ്,

സ്നേഹവാത്സല്ല്യം തുളുമ്പുന്ന ഭാവങ്ങള്‍,

ഏതോ വിഷാദം പരത്തിയ നിഴലിലായ്,

മിന്നി മിന്നി പടരുന്നുവോ മെല്ലെ.


ഇരുളിന്റെ മേഘശകലങ്ങള്‍ മായിച്ച,

മുഴുതിങ്കള്‍ പാല്‍ നിലാവിന്‍ നറുവെട്ടം,

ഒരു നിമിഷ നേരമതൊന്നിതാ തെളിയുന്നു,

മറയുന്നു തെളിയുന്നു പിന്നെയും മായുന്നു.


നരകേറി ജടവന്നൊരീ മുടിയിഴകളും

കവിളിലെ ചുളിവുമീ ശോഷിച്ച കൈകളും

വാര്‍ദ്ധക്യമോ അതോ തീരാ വിഷാദമോ

തെല്ലൊട്ടുനേരം അതുനോക്കി നിന്നുപോയ്.


എന്തേ ഉണ്ണി ഇങ്ങനെ നോക്കുവാന്‍?

അമ്മയുടെ വയറു വിശന്നു പൊരിയുന്നു,

എന്തുണ്ട് കൈയ്യില്‍ അമ്മക്ക് നല്‍കുവാന്‍,

തരികനീ വല്ലതും തന്നിട്ട് പോകണേ.


ഉണ്ണിയെന്നുള്ളൊരാ വിളികേട്ടുള്‍പുളകത്താല്‍

ഉണ്ണിതന്‍ കണ്‍കള്‍ തുടിച്ചുപോയ്.


ഉണ്ണി തന്‍ കൈകള്‍ പരതി കീശയില്‍.

വാടിയ മുഖമൊന്നു താഴ്ത്തി പറഞ്ഞുണ്ണി.

ഇല്ലമ്മേ കൈയിലൊന്നുമേ നല്‍കിടാന്‍,

നാണയ തുട്ടുകളുണ്ടത് തരികില്ലാ

ദേവിതന്‍ കാണിക്ക, അമ്മ പിണങ്ങിടും.


തൊഴുതു മടങ്ങിടും നേരത്ത്

വീട്ടിലേക്കമ്മയെയും കൊണ്ടു പോയിടാം,

വയറു നിറച്ചുമാഹാരം നല്‍കിടാം,

അമ്മയുടെ വിശപ്പെല്ലാം അകറ്റിടാം.


വേണ്ടുണ്ണീ ഒന്നുമേ വേണ്ടുണ്ണീ,

നാളെയും വരികനീ ദേവിയെ തൊഴുകനീ,

അമ്മയോടൊരുവാക്ക് മിണ്ടിയാല്‍ അതുമതി,

അമ്മക്ക് വയറു നിറയുവാന്‍.


പോയ്‌ വരാം വീട്ടില്‍ പോയിയെന്‍

അമ്മയെയും കൂട്ടി മടിയാതെ എത്തിടാം.

ആഹാരം ഞാന്‍ കൊണ്ടുവന്നിടാം,

ഒങ്ങുമേ പോകാതെ ഇവിടെ ഇരിക്കണേ.


ദേവിയെ തൊഴുതു മടങ്ങി വീട്ടി-

-ലമ്മയോടീവിതം കാര്യമുണര്‍ത്തവെ,

സ്നേഹ വാത്സല്യം അലിയിച്ച വാക്കുകള്‍

നിറയുന്നു ഉണ്ണിതന്‍ കര്‍ണനാളങ്ങളില്‍.


പ്രാന്തോ നിനക്ക് ! കൈ കഴുകിവരികുണ്ണി,

ചൂടുള്ള ദോശ വിളമ്പി ഞാന്‍ ഊട്ടിക്കാം,

നേരംപോയ്‌ സ്കൂള്‍ബസ് വരുവാന്‍ നേരമായ്.


ദോശ ചവച്ചിറക്കുവാന്‍ ആവാതെ,

ചിന്തയിലാണ്ടങ്ങിരിക്കുമീ ഉണ്ണിതന്‍

കണ്‍കളില്‍ നിറയുന്നു കണ്ണുനീര്‍ തുള്ളികള്‍.


ഉണ്ണിക്കിതേഉള്ളു ആ അമ്മക്ക് നല്‍കുവാന്‍

കണ്ണുനീരിന്‍ ഈ കൊച്ചു മണിമുത്തുകള്‍,

ഉണ്ണിതന്‍ കൈകളില്‍ വീണു തിളങ്ങുമീ

കണ്ണു നീര്‍ത്തുള്ളിയാലാ വിശപ്പകലുമൊ?


അയ്യോ ! ഉണ്ണീ ! കരയാതെ പൊന്നേ,

മധുരിത ശബ്ദമീ കാതില്‍ പതിയവേ

സാരിതലപ്പിനാല്‍ കണ്‍കള്‍ തുടക്കവേ

കണ്ണുനീര്‍ തുള്ളികള്‍ ഉണ്ണിതന്‍ നാവിലായ്‌

നൊമ്പരത്തിന്‍ ഉപ്പു രസമായി നിറയവേ

മൂര്‍ദ്ധാവിലായ് വന്നു പതിയുന്ന സ്നേഹമാം

ചുംബനതിന്‍ ഇളം ചൂട് പടരവേ

ഉണ്ണിക്കിതെല്ലാം മധുരം അമ്മയുടെ

പുഞ്ചിരി പാലൊളി വിതറുന്ന നോട്ടവും

മധുരസം ഊറി ഒഴുകുന്ന മൊഴികളും

ഉണ്ണിക്കിതെല്ലാം മധുരം.

*******

Friday, February 8, 2013

മന്ദാര പൂവ്





മന്ദാര പൂവേ മൊഞ്ചുള്ള പൂവേ
വെണ്‍ മേഘ ഇതളുകള്‍ക്കെന്തു ഭംഗി. 
പഞ്ചാര പുഞ്ചിരിക്കെന്തു ചന്തം.,
കവിളിലെ നുണക്കുഴിക്കെന്തു ചേല്,
ആ പ്രഭാവലയത്തില്‍ വട്ടം പറക്കുന്ന,
ശലഭമായി മാനസം മാറി പൂവേ.

മന്ദമായ് മന്ദമായ് ഒഴുകിടുന്ന 
കാറ്റിന്റെ സംഗീതം കേള്‍പ്പതില്ലേ., 
താളത്തില്‍ ഈണത്തില്‍ പാട് പൂവേ, 
ചാഞ്ചക്കം ആലോലം ആടു പൂവേ, 
പാല്‍ നിലാവഴകുള്ളോരോമല്‍ പൂവേ.

നാളെ ഈ ഇതളുകള്‍ കൂമ്പിയേക്കാം.
വാടി കരിഞ്ഞു പൊഴിഞ്ഞു പോകാം. 
മായില്ല നിന്‍ മൃദു മന്ദഹാസം.,
മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും,
മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും. 

മായില്ല നിന്‍ മൃദു പാല്‍ പുഞ്ചിരി. 
മാനസത്തില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കും, 
മായാത്തൊരോര്‍മയായ് തങ്ങി നില്‍ക്കും. 

********************

Monday, January 7, 2013

പുലര്‍ക്കാല സ്വപ്നങ്ങള്‍


വെണ്‍ മേഘ പാളികള്‍ക്കിടയിലായ് 
തെന്നിവന്നെത്തി നോക്കുന്നിതാ  ഉദയ സൂര്യന്‍ 


രക്തവര്‍ണാവൃത സുസ്മിതം വിടരുന്നു
രാവകന്നീടുന്നു  ഭൂവിലാകെ 


മാന്തളിര്‍ പൂക്കളില്‍ മിന്നിത്തിളങ്ങുന്ന 
മഞ്ഞുനീര്‍ത്തുള്ളികള്‍ മണിമുത്തുകള്‍ 


തെച്ചിയും മന്ദാര പൂക്കളും തെന്നലില്‍ 
താളത്തിലാടുന്നു  ചെമ്പരത്തി 


മന്ദമായ് മന്ദസ്മിതം പൊഴിച്ചീടുന്ന 
പൂക്കളാല്‍ മാനസം പൂത്തുലഞ്ഞു 


ആഹാ മനോഹരം മായയോ മായികാലോകമൊ 
പുലര്‍ക്കാല സ്വപ്നങ്ങളോ 


മായല്ലെ  മറയല്ലെ  മാഞ്ഞുപോയീടല്ലേ 
മാനത്ത് കാര്‍മുകില്‍ വന്നിടല്ലേ

മാമരച്ചില്ലകള്‍ കാറ്റിലുലയുന്നു
പൂമരം പൂക്കള്‍ പൊഴിച്ചിടുന്നു 


കാതുകള്‍ക്കിമ്പമായ് താളത്തിലീണത്തില്‍ 
കുയിലുകള്‍  മധുരമായ് പാടിടുന്നു 


വാദ്യഘോഷങ്ങള്‍ പോല്‍ അവിടെയുമിവിടയും 
പലതരം കിളികള്‍ ചിലച്ചിടുന്നു 


കൊക്കുരുമ്മി ചിറകൊതുക്കി ഒരു കൊച്ചു 
തത്തയൊരു കൊമ്പിലായ് വന്നിരിപ്പൂ 


മോഹങ്ങളുണ്ടതിന്‍ ഹൃദയത്തിലാ 
കൊച്ചു പച്ചനിറത്തിലെ ചിറകിനുള്ളില്‍ 


സ്വപ്നങ്ങളാം പട്ടുനൂലതില്‍ മിന്നുന്ന 
മുത്തുകള്‍ കോര്‍ത്തൊരു മാലയാക്കി 


ദൂരെയേതോ ഒരു കൂട്ടിലായ് അമ്മയും 
അച്ഛനും കണ്‍ പാര്‍ത്തിരിപ്പതുണ്ടേ 


അച്ഛന്റെ  പുന്നാര മോളാണ് അമ്മക്ക് 
കണ്ണാണ് കരളാണ് ഹൃദയമാണ് 


മോഹങ്ങള്‍ മുത്താക്കി മാറ്റുവാന്‍ ഓമന 
മകളുടെ ഭാവിയെ ഭദ്രമാക്കാന്‍ 


കണ്ണുനീരുപ്പു പുരട്ടിയ ഭക്ഷണം
അരവയര്‍ പട്ടിണി എന്നുമെന്നും 


അറിയാതെയെങ്കിലും അമ്പെടുത്തുന്നം 
പിടിക്കല്ലേ വേടനായ് മാറിടല്ലേ 


അരുതെന്ന് സ്വയമറിഞ്ഞുയരുവാന്‍ അറിവിന്റെ 
കിരണങ്ങള്‍ കൈകളാല്‍ ഏറ്റുവാങ്ങാന്‍ 


വിടരട്ടെ ഒരു പൊന്‍ പുലരിയീ മാനവ
 ഹൃദയത്തിനുള്ളിലും നറുവെട്ടമായ് 

**********



Saturday, December 29, 2012

ആത്മശാന്തിക്കായ് ഒരു ചോദ്യം.


ചവിട്ടിയരക്കപ്പെട്ട ഒരു പെണ്‍ഹൃദയം. 

പേടിച്ചു വിരണ്ട് ചിറകടിച്ചു പറന്നുപോയ ഒരു  ആത്മാവ് 

ഇരതേടി അലയുന്ന പുലികളും സിംഹങ്ങളും 

ചോര ഇറ്റിറ്റു വീഴുന്ന കൂര്‍ത്ത മുനയുള്ള കഴുകന്‍ കൊക്കുകള്‍ 

നിബിഡാന്ധകാരം നിറഞ്ഞ  ഘോര വനത്തില്‍ 

മേഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ട പേടമാനുകള്‍ തല ചുറ്റിലും  തിരിച്ച്   ആരെയാണ് തിരയുന്നത് 

ആ മാംസ കൊതിയന്മാരെയോ അതോ

അവളുടെ ആത്മാവ് ഒരുനോക്കു കാണുവാന്‍ കൊതിച്ച മനസാക്ഷിയെയോ? 

                                                                         ***********

Saturday, December 8, 2012

വെളുത്താട്ട് ഭഗവതി





വെളുത്താട്ട് ഭഗവതി ശരണമമ്മേ ദേവി 

തൃപ്പാദകമലങ്ങള്‍ കൈതൊഴുന്നേന്‍ 

ഇരുളല കരിനിഴല്‍ തീര്‍ക്കും തൃസന്ധ്യയില്‍ 

നിലവിളക്കില്‍ തിരി നാളങ്ങള്‍ തെളിയുന്ന 

തിരുനടയിലെത്തുവാന്‍ ഹൃദയം തുടിക്കുന്നു 

കലികാല ദോഷങ്ങള്‍ നീങ്ങിടേണം അമ്മേ-

- കരുണയൊരു വെട്ടമായ് മാറിടേണം 

ഉള്ളം നിലാവുപോല്‍ ശോഭിക്കണം 

നാവിലെന്നുമാ നാമങ്ങള്‍ വന്നിടേണം 

പഞ്ചവാദ്യത്തിന്റെ താളപെരുമഴ 

ശംഖനാദം കുടമണിയൊച്ചയില്‍

അമ്മതന്‍ തിരുനാമ ഘോഷങ്ങള്‍ കേട്ടിന്നു 

ദീപാരാധന തൊഴുവാന്‍  കനിയണം 

മനസ്സ് നിറച്ചുമനുഗ്രഹം ചൊരിയണം

**************


വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രത്തെ

കുറിച്ചുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.

http://www.veluthattamma.org/about.html


Friday, November 30, 2012

ഹരിതക തളിരുകള്‍






നരകമാം ഈ നഗര വീഥിതന്‍ ഓരത്തു


കിളിര്‍ത്തീടുമല്ലോ  പുല്‍തളിരിലകള്‍


അനാഥത്ത്വമാം അഗ്നിജാലാ മുഖത്തു-


-നിന്നൂമുതിരും വിഷാദമാം രശ്മികള്‍


ചുടലനൃത്തം ചെയ്തു നിറയുമീ പകലുകള്‍


മാഞ്ഞു മറയുന്ന വര്‍ഷകാലങ്ങളില്‍


കനിവിന്‍റ കാര്‍മുകില്‍ ഉറയുന്നൊരാകാശ


ഹൃദയം വിതുമ്പി തുളുമ്പുന്ന വേളയില്‍


മിഴികളില്‍ നിറയുന്ന കുളിരുമായെവിടെയും


താനെകിളിര്‍ക്കുന്ന ഹരിതക തളിരുകള്‍


സ്വാഗതമരുളീടുമല്ലോ അനേകരോടൊപ്പ-


-മീഞാനുമെന്‍ ദാഹിച്ച ഹൃദയവും


വറ്റി വരണ്ടൊരീ പുഴയിലായി പുകയുന്ന


തീക്കനല്‍ പോലുള്ളോരീ മണല്‍ തരികളും


വാടി കരിഞ്ഞൊരാമ്പലില്‍ അവസാന


ജീവന്‍ തുടിക്കുന്ന വേരുംമടിത്തണ്ടും


ഏവരും സ്വാഗതമരുളുമാ വേളയില്‍


ഇലകള്‍ളൊരു കാറ്റിലൊന്നാടി ചിരിച്ചിടും


വെറുതെയാണീയൊരു പാഴ്ക്കനവെങ്കിലും


നാളെ ഇനി വീണ്ടുമൊരു വേനല്‍ വന്നീടിലും


മനസ്സിലുണങ്ങി വരണ്ടൊരീ മണ്ണിതില്‍


കണ്ണുനീര്‍ ഇറ്റിറ്റു വീണതാം നനവിലായി


പൊട്ടിമുള വന്നിന്നൊരാല്‍മര തളിരില


ഒരു കുഞ്ഞു പൈതലിന്‍ പുഞ്ചിരി പോലുള്ള


ഹരിതാഭ ശോഭ നിറഞ്ഞതാം തളിരില


മതിയാകയില്ല എന്‍ കണ്ണുനീരീച്ചെടി-


-നനച്ചീടുവാനതിന്‍ ദാഹം ശമിക്കുവാന്‍


ആകെ പരിഭ്രമുണ്ടെന്‍റെ മനമതില്‍-


-വാടികരിഞ്ഞുണങ്ങീടുമോ ഈ ചെടി?



*****************